LiveTV

Live

Kerala

ചലോ തിരുവനന്തപുരം സമരത്തിന് നാളെ ചെങ്ങറയില്‍ തുടക്കം

ചലോ തിരുവനന്തപുരം സമരത്തിന് നാളെ ചെങ്ങറയില്‍ തുടക്കം
Summary
ജിഗ്നേഷ് മേവാനി ഉദ്ഘാടനം ചെയ്യും

ഭൂ അധികാര സംരക്ഷണ സമിതിയുടെ ചലോ തിരുവനന്തപുരം പ്രക്ഷോഭത്തിന് നാളെ ചെങ്ങറയില്‍ തുടക്കമാകും. ഗുജറാത്തിലെ ഉനയിലെ ദളിത് പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ ജിഗ്നേഷ് മേവാനി ചെങ്ങറ സമരഭൂമിയില്‍ നടക്കുന്ന സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഭൂഅധികാര സംരക്ഷണ സമിതിയെന്ന പേരില്‍ ആദിവാസി, ദളിത് പിന്നോക്ക വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തിയുള്ള ചലോ-തിരുവനന്തപുരം പ്രക്ഷോഭത്തിനാണ് നാളെ ചെങ്ങറ സമരഭൂമിയില്‍ തുടക്കമാകുന്നത്. ദളിത് അവകാശ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ജിഗ്നേഷ് മേവാനിയാകും ചെങ്ങറ സമരഭൂമിയില്‍ നടക്കുന്ന സമരപപ്രഖ്യാപന കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ജാതിക്കോളനികള്‍ക്ക് അറുതി വരുത്തുക, രാജമാണിക്യം റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ 5 ലക്ഷം ഏക്കര്‍ തോട്ടം ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക, കേരള മോഡല്‍ പൊളിച്ചെഴുതുക തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഭൂ അധികാര സംരക്ഷണ സമിതി സമര പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്.

ണ്‍വെന്‍ഷന് ശേഷം വിവിധ ജില്ലകളില്‍ സംഘാടക സമിതികള്‍ രൂപീകരിക്കും. തുടര്‍ന്ന് ജില്ലാതല പ്രചരണങ്ങള്‍ക്ക് ശേഷം ഏപ്രില്‍ ആദ്യവാരത്തോടു കൂടി കാസര്‍ഗോഡ് നിന്നും 'ചലോ തിരുവനന്തപുരം' അവകാശ പ്രഖ്യാപന റാലി ആരംഭിക്കും. കോളനികളിലൂടെയും ചേരികളിലൂടെയും തോട്ടംഭൂമിയിലൂടെയും തീരദേശങ്ങളിലൂടെയും പ്രചരണം നടത്തി 45 ദിവസം നീണ്ടുനില്‍ക്കുന്ന പദയാത്ര ഏപ്രില്‍ അവസാനത്തോടു കൂടി തിരുവനന്തപുരത്ത് എത്തിച്ചേരും.

സമരപ്രഖ്യാപനത്തിന് ചെങ്ങറ സമരഭൂമി വേദിയാകുന്നതിനാല്‍ ശ്രദ്ധേയമായ രാഷ്ട്രീയ പ്രാധാന്യമാണ് കണ്‍വെന്‍ഷന് കൈവന്നിരിക്കുന്നത്. സംസ്ഥാനമെമ്പാടുമുള്ള ഭൂസമരങ്ങളെ ഏകോപിപിച്ച് ശക്തമായ തുടര്‍ സമരങ്ങള്‍ക്ക് തുടക്കമിടുകയെന്ന ലക്ഷ്യമാണ് ഭൂഅധികാര സംരക്ഷണ സമിതിയുടേത്.