LiveTV

Live

Kerala

മലബാറിലെ ഏക കാലിത്തീറ്റ നിര്‍മ്മാണ കേന്ദ്രം ഉത്പാദനം തുടങ്ങാതെ നശിക്കുന്നു

മലബാറിലെ ഏക കാലിത്തീറ്റ നിര്‍മ്മാണ കേന്ദ്രം ഉത്പാദനം തുടങ്ങാതെ നശിക്കുന്നു
Summary
കോഴിക്കോട് തിരുവങ്ങൂരില്‍ നിര്‍മ്മിച്ച കേരള ഫീഡ്സിന് കീഴിലെ കാലിതീറ്റ നിര്‍മ്മാണ കേന്ദ്രമാണ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും പ്രവര്‍ത്തനം തുടങ്ങാത്തത്.

കെട്ടിട ന‌മ്പര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മലബാറിലെ ഏക കാലിത്തീറ്റ ഫാക്ടറി ഉല്‍പാദനം നടത്താനാകാതെ കാടുകയറി നശിക്കുന്നു. കോഴിക്കോട് തിരുവങ്ങൂരില്‍ നിര്‍മ്മിച്ച കേരള ഫീഡ്സിന് കീഴിലെ കാലിതീറ്റ നിര്‍മ്മാണ കേന്ദ്രമാണ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും പ്രവര്‍ത്തനം തുടങ്ങാത്തത്. 57 കോടി രൂപ ചെലവിലാണ് ഫാക്ടറി നിര്‍മ്മിച്ചത്.

2016 ജനുവരി ഒന്‍പതിനാണ് പത്തര ഏക്കര്‍ ഭൂമിയില്‍ തിരുവങ്ങൂരിലെ കാലിതീറ്റ നിര്‍മ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. കെട്ടിട നമ്പര്‍ ലഭിക്കാത്തതിനാല്‍ ഫാക്ടറിക്ക് ഇതുവരെ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. ഇതേതുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി കോടികള്‍ മുടക്കി സ്ഥാപിച്ച കേന്ദ്രം പ്രവര്‍ത്തിക്കാനാകാതെ കാട് പിടിച്ച് നശിക്കുന്നു. പ്രതിദിനം 300 ടണ്‍ കാലിതീറ്റയും 60 ടണ്‍ ആട് തീറ്റയും നിര്‍മ്മിക്കാന്‍ സാധിക്കുന്ന അത്യന്താധുനിക കമ്പ്യൂട്ടര്‍ നിയന്ത്രിത ഫാക്ടറിയാണ് തിരുവങ്ങൂരിലേത്. ചീഫ് ടൌണ്‍പ്ലാനറുടെ അനുമതി ഇല്ലാതെ കെട്ടിടത്തിന് നമ്പര്‍ നല്‍കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്തിന്‍റെ വാദം.

മലബാറിലെ ഏക കാലിതീറ്റ നിര്‍മ്മാണ ഫാക്ടറിയാണിത്. മലബാര്‍ മേഖലയില്‍ കേരള ഫീഡ്സിന്‍റെ കാലിതീറ്റക്ക് വന്‍ക്ഷാമം നേരിടുമ്പോഴാണ് ഫാക്ടറി പ്രവര്‍ത്തനം പോലും തുടങ്ങാനാകാതെ നില്‍ക്കുന്നത്.