LiveTV

Live

Kerala

കാസര്‍ഗോഡ് കേരള ഗ്രാമീണ്‍ ബാങ്കില്‍ കവര്‍ച്ചാശ്രമം

Summary
അര്‍ധരാത്രി 1.30 ഓടെയാണ് മുള്ളേരിയ–ബദിയഡുക്ക റോഡിലെ അരമനടുക്ക കോംപ്ലക്‌സിലെ ഒന്നാം നിലയിലെ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖയില്‍ മോഷണ ശ്രമം നടന്നത്

കേരള ഗ്രാമീണ്‍ ബാങ്ക് കാസര്‍ഗോഡ് മുള്ളേരിയ ശാഖയില്‍ കവര്‍ച്ചാശ്രമം. ഇന്നലെ അര്‍ധരാത്രി 1.30 ഓടെയാണ് മുള്ളേരിയ–ബദിയഡുക്ക റോഡിലെ അരമനടുക്ക കോംപ്ലക്‌സിലെ ഒന്നാം നിലയിലെ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖയില്‍ മോഷണ ശ്രമം നടന്നത്. മോഷണ ശ്രമം നടക്കുമ്പോള്‍ ബാങ്കിന് സെക്യൂരിറ്റി ജീവനക്കാരനുമുണ്ടായിരുന്നില്ല.

സൈറണ്‍ മുഴങ്ങുന്ന സ്പീക്കറിലേക്കുള്ള വയര്‍ അറുത്തുമാറ്റിയശേഷം ജനാലയുടെ കമ്പി മുറിച്ചുമാറ്റി മോഷണസംഘം അകത്ത് കടന്നു. അകത്തു മറ്റൊരു സൈറണ്‍ ഉണ്ടായിരുന്നത് മോഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഈ സൈറണ്‍ മുഴങ്ങിയപ്പോള്‍ ടൗണില്‍ വ്യാപാരികള്‍ നിയമിച്ച സെക്യൂരിറ്റി ജീവനക്കാരനും സമീപത്തെ വീട്ടുകാരും ഓടിയെത്തി. ഇതിനിടയില്‍ മോഷണസംഘം ഓടിരക്ഷപെട്ടു. രണ്ടു കമ്പിപ്പാരയും ഒരു ചാക്കുകെട്ടും ഉപേക്ഷിച്ച നിലയില്‍ സ്ഥലത്ത് കണ്ടെത്തി. ആദൂര്‍ സിഐ സിബി തോമസ്, എസ്‌ഐ എ.സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.