LiveTV

Live

Kerala

മീഡിയവണ്‍ വാര്‍ത്ത തുണയായി; സുമയ്ക്കും കുടുംബത്തിനും നാല് സെന്റ് ഭൂമി ലഭിക്കും 

Summary
വാര്‍ത്തയെ തുടര്‍ന്ന് ഖത്തറിലെ പ്രവാസികളുടെ കൂട്ടായ്മയാണ് സഹായവുമായി എത്തിയത്.


കായല്‍ പുറമ്പോക്കിലെ താല്‍ക്കാലിക കൂരയില്‍ അന്തിയുറങ്ങുന്ന അമ്മയ്ക്കും മൂന്ന് പെണ്‍മക്കള്‍ക്കും ഇനി പ്രതീക്ഷയുടെ ദിനങ്ങള്‍. എറണാകുളം വൈപ്പിന്‍ നെടുങ്ങാടിയിലെ സുമയുടെ കുടുംബത്തിന് വീട് വെക്കാനുള്ള സ്ഥലത്തിന്റെ അഡ്വാന്‍സ് തുക കൈമാറി. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് ഖത്തറിലെ പ്രവാസികളുടെ കൂട്ടായ്മയാണ് സഹായവുമായി എത്തിയത്.

വൈപ്പിന്‍കരയിലെ നെടുങ്ങാട് കായല്‍ പുറന്പോക്കിലെ ചീനവലത്തട്ടില്‍ പ്ലാസ്റ്റിക് കൊണ്ട് മേഞ്ഞ കൊച്ചു കൂരയാണ് ഈ കുടുംബത്തിന്റെ വീട്. ഒച്ച കേട്ടാലോ ശക്തിയായി കാറ്റടിച്ചാലോ ഒരു പോള കണ്ണു പോലും അടക്കാതെ ഉറക്കമൊഴിച്ച് കഴിച്ചുകൂട്ടിയ എത്രയോ രാത്രികള്‍. ഇവരുടെ ദുരന്തകഥ ആദ്യമായി പുറത്ത് വന്നത് മീഡിയവണിലൂടെയാണ്. ഖത്തറിലെ 15 പേരടങ്ങുന്ന പ്രവാസി കൂട്ടായ്മ ഇവരെ സഹായിക്കാന്‍ മുന്നോട്ട് വന്നു.

സ്വപ്നം യാഥാര്‍ഥ്യമാവുന്നത് ഇനിയും ഉള്‍ക്കൊള്ളാനാവുന്നില്ല സുമയക്ക്. നാല് സെന്റ് സ്ഥലം ആറു ലക്ഷം രൂപയ്ക്കാണ് ഖത്തര്‍ പ്രവാസികള്‍ വാങ്ങി നല്‍കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ രജിസ്ട്രേഷന്‍ നടക്കും. രണ്ടാമത്തെ മകള്‍ രമ്യ പഠിക്കുന്നത് മാല്യങ്കര എസ്എന്‍എം കോളജിലാണ്. കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് ഏറ്റിട്ടുണ്ട്