കുട്ടനാടിന്റെ നാട്ടുതാളങ്ങള്‍ നെഞ്ചേറ്റിയ കലാകാരന്
നാരായണപ്പണിക്കര്‍ പേരിനൊപ്പം കൂടെക്കൂട്ടിയ കുട്ടനാട്ടിലെ കാവാലം ഗ്രാമത്തിന്റെ പേര് മാത്രമല്ല. തന്റെ കലാരൂപങ്ങള്‍ക്കും പകിട്ടേകാന്‍ കുട്ടനാടന്‍ ശൈലികളും ചേര്‍ത്തുവച്ചു. ചെറുപ്പം മുതല്‍ കണ്ടുവളര്‍ന്ന നാട്ടുശീലങ്ങളും താളങ്ങളും തന്റെ രചനകളെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ കാവാലത്തിലെ കലാകാരനില്‍ കുട്ടനാട്ടുകാരന് നിറഞ്ഞുനിന്നു.
കൃഷിയും കലയും കൈകോര്‍ത്ത കുട്ടനാട്ടിലെ നാടന്‍സംഗീതം കണ്ടാണ് നാരായണപ്പണിക്കര്‍ ജീവിച്ചത്. ഈ നാട് വളര്‍ത്തിയ ഞാറ്റുപാട്ട്, ചക്രപ്പാട്ട്, വഞ്ചിപ്പാട്ട്, വള്ളപ്പാട്ട് തുടങ്ങിയ നാടന്‍ കലകളെ ചെറുപ്പത്തിലേ സ്വായത്തമാക്കി. കുട്ടനാട്ടിലെ ചേറില്‍ നിറഞ്ഞ ഈ കലകളെ പിന്നീട് കൂടുതല്‍ ജനകീയമാക്കുമ്പോള്‍ പഠിച്ച ശീലങ്ങളെ കാവാലം മാറ്റിനിര്‍ത്തിയില്ല. ഗാനരചനയിലും നാടകമെഴുത്തിലും തനത് ശീലങ്ങളെ കലര്ത്തയപ്പോള് അതുവരെ ഈ രംഗത്തുണ്ടായിരുന്ന ശൈലികളെക്കൂടി അട്ടിമറിക്കുകയായിരുന്നു. വിഖ്യാത ക്ലാസിക്കുകളെ മലയാളത്തിലെത്തിച്ചപ്പോഴും കുട്ടനാട്ടിലെ നാട്ടുതാളങ്ങളും നാട്ടീണങ്ങളും ചേര്‍ത്തുപിടിച്ചു. അങ്ങനെയാണ് ഷേക്സ്പിയറിന്റെയും കാളിദാസന്റെയും ഭാസന്റെയും രചനകളെ മലയാളി കണ്ടപ്പോള്‍ അത്രമേല്‍ ഹൃദ്യമായതും.
ജന്മനാടിനെ അത്രത്തോളം സ്നേഹിച്ചിരുന്ന കാവാലം നാരായണപ്പണിക്കര്‍ ഏതു തിരക്കിലും ഇവിടേക്കോടിയെത്തും. ഓണവും വിഷുവുമെല്ലാം നാട്ടുസംഗീതത്തിന്റെ താളത്തില്‍ ആഘോഷിക്കാന്‍ കാവാലം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആഘോഷങ്ങളിലെ എല്ലാത്തരം കൃത്രിമങ്ങളെയും നിരാകരിച്ചിരുന്ന കാവാലം തന്റെ പ്രധാന രചനകളുടെയിടമായി തെരഞ്ഞടുത്തതും ഈ കാര്‍ഷിക ഗ്രാമത്തെയായിരുന്നു. അതുകൊണ്ടാവണം അന്ത്യനിദ്രയും മണ്ണിന്റെ മണമുള്ള കുട്ടനാട്ടില്‍ തന്നെയാവണമെന്ന് ഈ കലാകാരന് ആഗ്രഹിച്ചതും.