LiveTV

Live

Kerala

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും
Summary
അവസാന ഘട്ട പ്രചാരണത്തില്‍ മുന്നണികള്‍; വോട്ടെടുപ്പ് തിങ്കളാഴ്ച

രാഷ്ട്രീയകേരളം ഉറ്റ് നോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം ഇന്നവസാനിക്കും. തിങ്കളാഴ്ച രാവിലെയാണ് ചെങ്ങന്നൂര്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. അവസാനമണിക്കൂറുകളിലും പ്രചരണ വിഷയങ്ങള്‍ മാറി മറിയുകയാണ്.‌

വികസനത്തിലും സ്ഥാനാര്‍ഥികളുടെ വ്യക്തിഗത മികവിലുമൊക്കെ ഊന്നിയായിരുന്നു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം. എന്നാല്‍ അവസാനത്തേക്ക് എത്തിയതോടെ പരസ്പരം വര്‍ഗീയവാദികളെന്ന് അധിക്ഷേപിക്കുന്നിടത്തേക്കാണ് പ്രചരണം എത്തിയത്.

ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ പ്രചരണം. രാമചന്ദ്രന്‍ നായര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളായിരുന്നു എല്‍ഡിഎഫിന്റെ ആദ്യ തുറപ്പ് ചീട്ട്. വിജയകുമാറിന് മണ്ഡലത്തില്‍ വ്യക്തിപരമായുള്ള സ്വാധീനമായിരുന്നു യുഡിഎഫിന്റെ കരുത്ത്. ബിജെപിക്ക് മുതല്‍ കൂട്ട് ശ്രീധരന്‍പിള്ളയുടെ വ്യക്തിപരമായ ഇമേജും. പിന്നീട് വീണ് കിട്ടിയതും അല്ലാത്തതുമായ രാഷ്ട്രീയ വിഷയങ്ങള്‍ മുന്നണികള്‍ പ്രചരണ രംഗത്ത് ഉപയോഗപ്പെടുത്തി. കസ്റ്റഡി കൊലപാതകവും രാഷ്ട്രീയ കൊലപാതകവും എല്‍ഡിഎഫിനെതിരെ യുഡിഎഫും ബിജെപിയും വ്യാപകമായി ഉപയോഗിച്ചു.

ഇടത് സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പമുള്ള സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ സ്വത്തിന് ഉടമയാണെന്ന വിവാദം ഉയര്‍ന്നു. ഇത് എല്‍ഡിഎഫിന് തലവേദന സൃഷ്ടിച്ചു. അതിനിടയില്‍ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലവും രാഷ്ട്രീയ നാടകങ്ങളും മൂന്ന് മുന്നണികളും തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു. ഇക്കാര്യത്തില്‍ യുഡിഎഫിന് മുന്‍തൂക്കവും ലഭിച്ചു. കേരള കോണ്‍ഗ്രസിനെ ഒപ്പം കിട്ടിയത് യുഡിഎഫിന് പുത്തന്‍ ഉണര്‍വുമായി മാറി. ബിഡിജെഎസിനെ പ്രചരണ രംഗത്തിറക്കാന്‍ കഴിയാതെ പോയത് ബിജെപിയെ വല്ലാതെ വലച്ചു. അവസാനമായപ്പോഴേക്കും സമുദായിക ധ്രുവീകരണത്തിന് കളം ഒരുക്കുന്ന രീതിയിലേക്ക് പ്രചരണം വഴി മാറി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് സംഘപരിവാര്‍ സംഘടനയുമായി ബന്ധമുണ്ടെന്നായിരുന്നു എല്‍ഡിഎഫ് പ്രചരണം.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് നടത്തിയ പ്രചരണത്തെ യുഡിഎഫും പ്രതിരോധിച്ച് രംഗത്ത് എത്തിയതോടെ പ്രചരണത്തിന് കൂടുതല്‍ വീറും വാശിയും കൈവന്നു. ബിജെപി രണ്ടാമത് എത്തുമെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ നിലപാടിനെ പാര്‍ട്ടിക്ക് തന്നെ തള്ളിപ്പറയേണ്ടി വരുന്നതിനും പ്രചരണത്തിന്റെ അവസാന ദിവസങ്ങളില്‍ സാക്ഷിയാകേണ്ടി വന്നു.

കേരളത്തിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ദിവസം തെരഞ്ഞെടുപ്പ് പ്രചരണം നടന്ന മണ്ഡലമെന്ന പ്രത്യേകത ചെങ്ങന്നൂരിനുണ്ട്. കെ കെ രാമചന്ദ്രന്‍ നായരുടെ മരണത്തിന് പിന്നാലെ തന്നെ മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നേരത്തെ പ്രതീക്ഷിച്ച തെരഞ്ഞെടുപ്പ് നീണ്ടെങ്കിലും അണികളില്‍ ആവേശം കുറഞ്ഞില്ല. കഴിഞ്ഞ മാസം അവസാനം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ മണ്ഡലം കൂടുതല്‍ സജീവമായി. അങ്ങനെ ഒരു മാസത്തോളം നീണ്ട് പ്രചണ്ഡ പ്രചരണമാണ് ഇന്നവസാനിക്കുന്നത്..

വൈകിട്ട് അഞ്ച് മണിക്കാണ് പരസ്യപ്രചരണം അവസാനിക്കുന്നത്. ചെങ്ങന്നൂരിലെ 10 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും കൊട്ടിക്കലാശം ഉണ്ടാകും. പരസ്യപ്രചരണത്തിന്റെ അവസാന നിമിഷം കേങ്കേമമാക്കാനുള്ള നീക്കങ്ങള്‍ എല്ലാ മുന്നണികളും നടത്തുന്നുണ്ട്. പരസ്യ പ്രചരണം അവസാനിക്കുന്നതോടെ മാസങ്ങളായി മണ്ഡലത്തില്‍ തങ്ങി പ്രചരണത്തിന് നേതൃത്വം നല്‍കുന്ന നേതാക്കള്‍ മടങ്ങും. മറ്റന്നാള്‍ നിശബ്ദ പ്രചരണത്തിന് ശേഷം തിങ്കളാഴ്ച രാവിലെ ആറ് മണിക്കാണ് പോളിംങ് ആരംഭിക്കുന്നത്. 31 നാണ് വോട്ടെണ്ണല്‍.