LiveTV

Live

Kerala

മുത്തുകുടയും പിടിച്ച് സ്വീകരിച്ച് ആനയിക്കാന്‍ ഇത് രാജഭരണമല്ലെന്ന് ഇ ചന്ദ്രശേഖരന്‍

മുത്തുകുടയും പിടിച്ച് സ്വീകരിച്ച് ആനയിക്കാന്‍ ഇത് രാജഭരണമല്ലെന്ന് ഇ ചന്ദ്രശേഖരന്‍
Summary
വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിക്കാന്‍ കാത്തിരുന്നവരെ അവഗണിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിക്കാന്‍ കാത്തിരുന്നവരെ അവഗണിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. സ്വീകരണത്തിന് നിന്നു കൊടുക്കാത്തതിന് സംഘാടകര്‍ മന്ത്രിയോട് പരസ്യമായി പ്രതിഷേധം അറിയിച്ചു. മുത്തുകുടയും പിടിച്ച് സ്വീകരിച്ച് ആനയിക്കാന്‍ ഇത് രാജഭരണമല്ലെന്ന് ഇ ചന്ദ്രശേഖരന്‍ മറുപടിയും നല്‍കി.

കാസര്‍കോട് വലിയപറമ്പ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. മന്ത്രിയെ സ്വീകരിക്കാൻ മണിക്കുറുകൾക്ക് മുൻപ് തന്നെ നാട്ടുകാര്‍ തയ്യാറായി നിന്നിരുന്നു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ മന്ത്രിയെ സ്വീകരിച്ചാനയിക്കാനായിരുന്നു സംഘാടകരുടെ തീരുമാനം. ഇതിനായി ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ച് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവര്‍ മണിക്കൂറുകളോളം വെയിലത്ത് കാത്തുനിന്നു. എന്നാൽ മന്ത്രിയുടെ കാറും അകമ്പടി വാഹനങ്ങളും സ്വീകരണത്തിന് നിൽക്കാതെ നേരെ വേദിയിലേക്ക് നീങ്ങി. സ്വീകരണ സ്ഥലത്ത് ഇറങ്ങാതിരുന്ന മന്ത്രിയോട് ഒരു വിഭാഗം സംഘാടകര്‍ പരസ്യമായിതന്നെ പ്രതിഷേധം അറിയിച്ചു.

മുത്തുകുടയും പിടിച്ച് സ്വീകരിച്ച് ആനയിക്കുന്ന പരിപാടികൾ ജനപ്രതിനിധികൾക്ക് ഭൂഷണമല്ലാത്തതിനാൽ ഇത്തരം രീതികള്‍ ഇടത് മന്ത്രിമാർ അനുവദിക്കാറില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇക്കാര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുമേധാവികളെ മുൻകൂട്ടി അറിയിച്ചിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. ഒടുവില്‍ നാട്ടുകാർക്കും സംഘാടകർക്കുമുണ്ടായ പ്രയാസങ്ങളിൽ ഖേദം പ്രകടിപ്പിച്ചാണ് മന്ത്രി മടങ്ങിയത്.