LiveTV

Live

Kerala

രണ്ടാം വര്‍ഷത്തില്‍ പിണറായി സര്‍ക്കാര്‍ അഭിമുഖീകരിച്ച വിവാദങ്ങള്‍

രണ്ടാം വര്‍ഷത്തില്‍ പിണറായി സര്‍ക്കാര്‍ അഭിമുഖീകരിച്ച വിവാദങ്ങള്‍
Summary
സോളാര്‍ കേസിലും തോമസ് ചാണ്ടിയിലും തിരിച്ചടി; സിപിഎം-സിപിഐ തര്‍ക്കവും ക്ഷീണമായി

രാഷ്ട്രീയ വിവാദങ്ങളാല്‍ സമ്പന്നമായിരുന്നു പിണറായി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം. സിപിഎമ്മും സിപിഐയും തമ്മിലെ തര്‍ക്കങ്ങള്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ വരെ ബാധിക്കുന്ന നിലയിലെത്തി. തോമസ് ചാണ്ടിയുടെ കായല്‍കയ്യേറ്റവും സോളാര്‍ റിപ്പോര്‍ട്ടിലെ തുടര്‍നടപടിയും മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയും സര്‍ക്കാരിനെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കിയ വിവാദങ്ങളായിരുന്നു.

സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ ലൈംഗിക പീഡനത്തിനടക്കം കേസെടുത്ത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു. എന്നാല്‍ എത്തുംപിടിയുമില്ലാതെ മുന്നോട്ട് നീങ്ങിയ അന്വേഷണം സരിതയുടെ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കാനാകില്ലെന്ന കോടതി ഉത്തരവോടെ പൂര്‍ണമായി വഴിമുട്ടി. മൂന്നാര്‍ കയ്യേറ്റത്തില്‍ തുടങ്ങിയ സിപിഎം-സിപിഐ തര്‍ക്കം തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ ആരോപണത്തോടെ മൂര്‍ഛിച്ചു. ചാണ്ടിയുടെ രാജിക്കുവേണ്ടി സിപിഐ മന്ത്രിമാര്‍ മന്ത്രിസഭ ബഹിഷ്കരിച്ചത് രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിലെ തന്നെ അസാധാരണ സംഭവമായിരുന്നു. കെ എം മാണിയോടുള്ള സമീപനം, കുറിഞ്ഞി ഉദ്യാനം എന്നിവയുടെ പേരിലും ഇരു കക്ഷികളും തമ്മില്‍ തല്ലി. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാന്‍ മടിച്ചതും വൈകിയവേളയിലെ സന്ദര്‍ശനത്തിനിടെ ജനങ്ങളുടെ പ്രതിഷേധം നേരിട്ടതും പിണറായി വിജയനെന്ന ഭരണാധികാരിയുടെ ധാര്‍ഷ്ട്യത്തിനുദാഹരണമായി എണ്ണപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്ക് ദുരന്തനിവാരണ നിധിയിലെ ഫണ്ടുപയോഗിച്ചതും വിവാദത്തിന് മരുന്നിട്ടുകൊടുത്ത പോലായി. പണം തിരിച്ചടച്ചെങ്കിലും ക്ഷീണം ബാക്കിയായി. സാന്പത്തിക പ്രതിസന്ധിയുടെ കാലത്തും ആരോഗ്യമന്ത്രിയും സ്പീക്കറും അടക്കമുള്ളവര്‍ വന്‍തുക ചികിത്സാചെലവ് കൈപ്പറ്റിയതായിരുന്നു മറ്റൊരു വിവാദം. ഡിജിപി ജേക്കബ് തോമസിന്റെ ഇടക്കിടെയുള്ള വിമര്‍ശങ്ങളും സര്‍ക്കാരിന് തലവേദനയായി. വി ടി ബല്‍റാമിന്റെ എകെജി നിന്ദക്ക് 10 കോടിയുടെ സ്മാരകം പ്രഖ്യാപിച്ച് കൈയടി നേടി.