LiveTV

Live

Kerala

ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Summary
ചെറുകല്ലായി സ്വദേശികളായ ഷബിന്‍ രവീന്ദ്രന്‍,മണ്ണട്ട ഷാജി,പളളൂര്‍ സ്വദേശി ലിജിന്‍ എന്നിവരാണ് അറസ്റ്റിലായത്

ന്യൂമാഹിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചെറുകല്ലായി സ്വദേശികളായ ഷബിന്‍ രവീന്ദ്രന്‍,മണ്ണട്ട ഷാജി,പളളൂര്‍ സ്വദേശി ലിജിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി വടകരയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ന്യൂമാഹിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെട്ട് പത്തൊന്‍പതാം ദിവസമാണ് സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികള്‍ അന്വേഷണ സംഘത്തിന്റെ വലയിലാവുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി വടകരയിലെ സ്വകാര്യ ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് സ്വന്തം വീട്ടില്‍ സൂക്ഷിച്ച ശേഷം ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. പുലര്‍ച്ചെ കോയമ്പത്തൂരിലേക്ക് കടക്കാനുളള ശ്രമത്തിനിടയിലാണ് ഇവര്‍ പിടിയിയിലായത്.

ഷിബിനും ഷാജിയും ചേര്‍ന്നാണ് ഷമേജിനെ വെട്ടി വീഴ്ത്തിയത്. വെട്ട് കൊണ്ട് ഓടിയ ഷമേജിനെ ബൈക്കില്‍ പിന്തുടര്‍ന്ന് ഇടിച്ച് വീഴ്ത്തിയത് ലിജിനാണന്ന് പൊലീസ് പറഞ്ഞു. എട്ടംഗ സംഘമാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പളളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബുവിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് കൊല നടത്തിയതെന്നും പ്രതികള്‍ മൊഴി നല്കികിയിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കും ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുമായി അടുത്ത ബന്ധമുണ്ടന്നും പൊലീസ് പറഞ്ഞു.