LiveTV

Live

Kerala

വിദ്യാഭ്യാസ വായ്പ തിരിച്ചടവ് മുടങ്ങി: വീടില്ലാത്തയാള്‍ക്ക് ജപ്തി നോട്ടീസ്

വിദ്യാഭ്യാസ വായ്പ തിരിച്ചടവ് മുടങ്ങി: വീടില്ലാത്തയാള്‍ക്ക് ജപ്തി നോട്ടീസ്
Summary
മറ്റൊരാള്‍ താമസിക്കാന്‍ താല്കാലികമായി നല്കിയ വീട്ടിലാണ് കാനറ ബാങ്ക് ജപ്തി നോട്ടീസ് ഒട്ടിച്ചത്.

സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത വയോധികന് ബാങ്കിന്റെ ജപ്തി ഭീഷണി. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശി സുരേന്ദ്രനാണ് മകളുടെ വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കാനറ ബാങ്ക് ജപ്തി നോട്ടീസ് നല്കിയത്. സുരേന്ദ്രന്റെ അവസ്ഥ കണ്ട് മറ്റൊരാള്‍ താമസിക്കാന്‍ താല്കാലികമായി നല്കിയ വീട്ടിലാണ് ബാങ്ക് ജപ്തി നോട്ടീസ് ഒട്ടിച്ചത്.

ലൈറ്റ് ആന്‍ഡ് സൗണ്ട് ജോലിക്കാരനായിരുന്ന സുരേന്ദ്രന്‍ 2006ലാണ് മകളെ നേഴ്‌സിംഗ് പഠനത്തിന് അയയ്ക്കാന്‍ കാനറാ ബാങ്കിന്റെ നട്ടാശേരി ശാഖയില്‍ നിന്നും 66000 രൂപ വായ്പയെടുത്തത്. എന്നാല്‍ മകള്‍ക്ക് പഠനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ സുരേന്ദ്രന്റെ ഭാര്യ ഇന്ദിരയ്ക്ക് ഹൃദയസംബന്ധമായ അസുഖവും പിടിപ്പെട്ടു. ലക്ഷങ്ങള്‍ മുടക്കി ഭാര്യയുടെ ചികിത്സ നടത്തിയെങ്കിലും ഭാര്യ മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ മൂന്ന് ലക്ഷക്കോളം രൂപ ബാങ്കിലേക്ക് തിരിച്ചടയ്ക്കണം. അസുഖം ബാധിച്ചതോടെ ജോലിക്ക് പോകാന്‍ സുരേന്ദ്രന് സാധിക്കില്ല. മകനും ചില രോഗങ്ങള്‍ പിടിപ്പെട്ടതോടെ അന്നന്നത്തെ ആഹാരത്തിന് പോലും വകയില്ലാതായി. ഇതിനിടെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത വിദ്യാഭ്യാസ വായ്പയുടെ ജപ്തി നോട്ടീസ് ലഭിക്കുന്നത്.

സുരേന്ദ്രന്റെ അവസ്ഥയറി‍ഞ്ഞ് ഇവര്‍ക്ക് താമസിക്കാന്‍ സുഹൃത്ത് നല്കിയ വീട്ടിലാണ് ഇപ്പോള്‍ ബാങ്ക് നോട്ടീസ് പതിച്ചിരിക്കുന്നത്. നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്ന മകളെ ചില സന്മനസുകളുടെ സഹായത്താന്‍ കെട്ടിച്ചയച്ചത് മാത്രമാണ് ഈ പിതാവിന്റെ ഏക ആശ്വാസം. വായ്പ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അടക്കം പരാതി നല്കിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത തങ്ങള്‍ എങ്ങനെ വായ്പ അടയ്ക്കും എന്നാലോചിച്ച് തളര്‍ന്നിരിക്കുയാണ് ഈ പിതാവ്.