LiveTV

Live

Kerala

തൃശൂർ എഞ്ചിനീയറിംഗ് കോളജിൽ മഞ്ഞപ്പിത്തം: വിദ്യാർഥികളെ മാറ്റിപ്പാർപ്പിക്കും

Summary
നാനൂറിലധികം വിദ്യാർഥികളും ഹോസ്റ്റൽ വാർഡൻമാരുൾപ്പെടെ 18 ജീവനക്കാരും മഞ്ഞപ്പിത്ത ബാധിതരാണ്

മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട്‌ ചെയ്ത തൃശൂർ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളജിൽ പരിഹാര മാർഗവുമായി സർക്കാർ. ഹോസ്റ്റലിലെ വിദ്യാർഥികളെ മാറ്റിപാർപ്പിക്കാനും ജലസ്രോതസ്സുകൾ ശുദ്ധീകരിക്കാനും കോളജിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. മന്ത്രി വി എസ് സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

കഴിഞ്ഞ മൂന്ന് മാസമായി മഞ്ഞപ്പിത്ത ഭീതിയിലാണ് തൃശൂർ എഞ്ചിനീയറിംഗ് കോളജ്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കോളജിലെ ഭൂരിഭാഗം വിദ്യാർഥികൾക്കും പരീക്ഷ പോലും എഴുതാനായില്ല. നാനൂറിലധികം വിദ്യാർഥികളും ഹോസ്റ്റൽ വാർഡൻമാരുൾപ്പെടെ 18 ജീവനക്കാരും മഞ്ഞപ്പിത്ത ബാധിതരാണ്. ഈ സാഹചര്യത്തിലാണ് സ്‌ഥലം എംഎൽഎ കൂടിയായ മന്ത്രി വി എസ് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്. എംഎൽഎ ഫണ്ടും ദുരന്ത നിവാരണ ഫണ്ടും ഉപയോഗിച്ച് കോളജിലെയും ഹോസ്റ്റലിലെയും കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കാൻ യോഗം തീരുമാനിച്ചു.

കോളജ് ഹോസ്റ്റലിലെ കാന്‍റീനും കുടിവെള്ള സ്രോതസ്സുകളും വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് നേരത്തെ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. മുൻ വർഷങ്ങളിലും മഞ്ഞപ്പിത്ത രോഗം ഇവിടെ വ്യാപകമായി റിപ്പോർട്ട്‌ ചെയ്തിരുന്നു. സുരക്ഷിതമായ കുടിവെള്ളവും ഭക്ഷണവും പഠന സാഹചര്യവും ഒരുക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ കോളജിൽ സമരം നടന്നുവരികയായിരുന്നു.