LiveTV

Live

Kerala

ചെങ്ങന്നൂരില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി മദ്യവിരുദ്ധ വിശാല സഖ്യ സമ്മേളനം

ചെങ്ങന്നൂരില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി മദ്യവിരുദ്ധ വിശാല സഖ്യ സമ്മേളനം
Summary
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ സംഘടനകളുടെയും പൊതു പ്രവര്‍ത്തകരുടെയും സംയുക്ത യോഗമാണ് ചെങ്ങന്നൂര്‍ വൈഎംസിഎ ഹാളില്‍ നടന്നത്.

മദ്യനയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ചെങ്ങന്നൂരില്‍ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ മദ്യവിരുദ്ധ വിശാല സഖ്യത്തിന്‍റെ സമ്മേളനം. മദ്യവര്‍ജ്ജനം നടപ്പിലാക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയവര്‍ അതില്‍ നിന്ന് പിന്നാക്കം പോകുന്നത് സത്യസന്ധത ഇല്ലായ്മയുടെയും നീതിബോധം ഇല്ലായ്മയുടെയും ലക്ഷണമാണെന്ന് ചങ്ങനാശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. അതേസമയം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സമ്മേളനം വിളിച്ചുചേര്‍ത്തതെന്ന് സിപിഎം പ്രതികരിച്ചു.

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ സംഘടനകളുടെയും പൊതു പ്രവര്‍ത്തകരുടെയും സംയുക്ത യോഗമാണ് ചെങ്ങന്നൂര്‍ വൈഎംസിഎ ഹാളില്‍ നടന്നത്. മദ്യവ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം ജനസേവനമല്ലെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യാറല്ലെന്നും ചങ്ങനാശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. നമ്മെ ഭരിക്കുന്നവര്‍ നമ്മോട് കരുണ കാണിക്കണമെന്ന് അപേക്ഷിക്കുകയാണെന്ന് പത്തനംതിട്ട ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ ക്രിസോസ്റ്റം പറഞ്ഞു

ഓര്‍ത്തഡോക്സ് സഭാ നേതൃത്വം സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നു. കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള തീരുമാനത്തിന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി നേരത്തെ നിലപാടെടുത്തിരുന്നു. മദ്യവിരുദ്ധ വിശാല സഖ്യത്തിന് പിന്നിലെ രാഷ്ട്രീയം ജനം തിരിച്ചറിയുമെന്ന് സിപിഎം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി പ്രതികരിച്ചു.