LiveTV

Live

Kerala

ഈരാറ്റുപേട്ടയിലേക്ക് തിരികെ എത്തിയ കെ.എസ്.ആര്‍.ടി.സി ഇനി 'ചങ്ക് ബസ്' 

ഈരാറ്റുപേട്ടയിലേക്ക് തിരികെ എത്തിയ കെ.എസ്.ആര്‍.ടി.സി ഇനി 'ചങ്ക് ബസ്' 
Summary
ഹൃദയചിഹ്നത്തില്‍ ബസ്സിന് മുന്‍പില്‍ ചങ്ക് എന്ന് തന്നെ എഴുതിയാണ് ബസ്സിനോടുള്ള സ്നേഹം യാത്രക്കാരും ജീവനക്കാരും പങ്കുവെച്ചിരിക്കുന്നത്.

യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ടയിലേക്ക് തിരികെ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ഇനി ചങ്ക് ബസ്സെന്ന് അറിയപ്പെടും. ഹൃദയചിഹ്നത്തില്‍ ബസ്സിന് മുന്‍പില്‍ ചങ്ക് എന്ന് തന്നെ എഴുതിയാണ് ബസ്സിനോടുള്ള സ്നേഹം യാത്രക്കാരും ജീവനക്കാരും പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ബസ്സ് ചങ്കാണെന്ന് പറഞ്ഞ യാത്രക്കാരി ആരാണെന്ന് ഇതുവരെ കണ്ടെത്താനായില്ല. വൈറലായ ഒരു ഫോണ്‍ സംഭാഷണമാണ് ആര്‍ എസ് സി 140 എന്ന ബസ്സിനെ ഈരാറ്റുപേട്ടയിലേക്ക് തിരികെ എത്തിച്ചത്.

കണ്ണൂരിലേക്ക് മാറ്റിയ ബസ്സ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തന്നെ തിരികെ എത്തിക്കാന്‍ ഉത്തരവിടുകയായിരുന്നു. തിരികെ എത്തിയ ബസ്സിന് വലിയ സ്വീകരണമാണ് ഈരാറ്റുപേട്ടയില്‍ ലഭിച്ചത്. ഇതും പോരാഞ്ഞിട്ട് തങ്ങളുടെ പ്രിയ ബസ്സിന് ഇപ്പോള്‍ ചങ്ക് എന്ന് തന്നെ പേരിട്ടിരിക്കുകയാണ് യാത്രക്കാരും ജീവനക്കാരും. എല്ലാവരും കാണത്തക വിധത്തില്‍ മുന്‍വശത്തും പിന്‍വശത്തും ഹൃദയചിഹ്നത്തിലാണ് ചങ്കെന്ന് എഴുതിയിരിക്കുന്നത്. എന്തായാലും രാവിലെ ഈരാറ്റുപേട്ടയില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ച് വൈകിട്ട് സര്‍വ്വീസ് ആവസാനിക്കുന്നത് വരെ യാത്രക്കാരുടെ വലിയ തിരക്കാണ് ബസ്സിലുള്ളത്.

എന്നാല്‍ ഈ ബസ്സ് തങ്ങളുടെ ചങ്കാണെന്ന് പറഞ്ഞ് ഫോണ്‍ ചെയ്ത ആ പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പാലാ സ്വദേശിയായ വിദ്യാര്‍ത്ഥിയാണെന്ന് സൂചനയുണ്ടെങ്കിലും ആരും തന്നെ ഇതുവരെ അവകാശവാദവുമായി മുന്നോട്ട് വന്നിട്ടില്ല.