കേരളത്തില്‍ ലൈംഗിക പീഡന കേസുകളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധന

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ലൈംഗിക പീഡനങ്ങളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധനവ്. 2017ല്‍ 3068 പീഡനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1101 ഇരകളും പ്രായപൂര്‍ത്തിയാകാത്തവരാണ്. കേസുകള്‍ ഒത്തുതീര്‍പ്പാക്കാതെ ശക്തമായ നടപടിയുണ്ടാകണമെന്ന നിര്‍ദേശമാണ് എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
2016ല്‍ 1656 ലൈംഗിക പീഡന കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2017ല്‍ ഇത് 3068 ആയി ഉയര്‍ന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 287 കേസുകള്‍. കൊല്ലത്ത് 208 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത നഗരവും കൊല്ലമാണ്. 95 ലൈംഗിക പീഡന കേസുകള്‍. പീഡന കേസുകള്‍ ഒത്തുതീര്‍പ്പാക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്നത്.
ഇക്കാലയളവില്‍ സംസ്ഥാനത്ത് 4498 ലൈംഗിക പീഡന ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 26 കുട്ടികള്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടു. 304 കൊലപാതക കേസുകളും 581 കൊലപാതകശ്രമ കേസുകളുമാണ് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്.