LiveTV

Live

Kerala

രോഗികളെ പരിചരിക്കുന്നതില്‍ നോട്ടക്കുറവുണ്ടായിട്ടുണ്ടെന്ന് പാലക്കാട് ഡിഎംഒ

രോഗികളെ പരിചരിക്കുന്നതില്‍ നോട്ടക്കുറവുണ്ടായിട്ടുണ്ടെന്ന് പാലക്കാട് ഡിഎംഒ
Summary
വൃദ്ധ രോഗികള്‍ക്ക് നേരെയുള്ള ക്രൂരമായ അവഗണനയുടെ ദൃശ്യങ്ങള്‍ മീഡിയവണ്‍ പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവര്‍ത്തകര്‍ രണ്ട് രോഗികള്‍ക്കും വസ്ത്രവും ഭക്ഷണവും നല്‍കി

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ആശ്രിതരില്ലാത്ത വൃദ്ധരായ രോഗികളെ പരിചരിക്കുന്നതില്‍ നോട്ടക്കുറവുണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ റീത്ത സമ്മതിച്ചു. ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡിഎംഒ മീഡിയവണിനോട് പറഞ്ഞു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശാന്താകുമാരി ആശുപത്രിയിലെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും ഫ്രറ്റേണിറ്റി മൂവ്മെന്റും ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.

വൃദ്ധ രോഗികള്‍ക്ക് നേരെയുള്ള ക്രൂരമായ അവഗണനയുടെ ദൃശ്യങ്ങള്‍ മീഡിയവണ്‍ പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയിലെത്തി രണ്ട് രോഗികള്‍ക്കും വസ്ത്രവും ഭക്ഷണവും നല്‍കി. വൃത്തിഹീനമായ തറയില്‍ കിടന്നിരുന്ന രോഗികളെ ആശുപത്രി അധികൃതര്‍ ബെഡിലേക്ക് മാറ്റി. പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശാന്താ കുമാരിയും ഡിഎംഒ ഡോ റീത്തയും ആശുപത്രിയിലെത്തി രോഗികളെ കണ്ടു.

അനാഥരായ രോഗികളെ സംരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കാന്‍ ഡിഎംഒക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍ദേശം നല്‍കി. രണ്ട് രോഗികളെയും പരിചരിക്കുന്നതില്‍ നോട്ടക്കുറവുണ്ടായെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡിഎംഒ മീഡിയവണിനോട് പറ‍ഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡിഎംഒയെ ഘെരാവോ ചെയ്തു.