LiveTV

Live

Kerala

ഓര്‍ത്തഡോക്സ് - യാക്കോബായ തര്‍ക്കം മൂലം തടസപ്പെട്ട സംസ്കാരം നാളെ നടക്കും

ഓര്‍ത്തഡോക്സ് - യാക്കോബായ തര്‍ക്കം മൂലം തടസപ്പെട്ട സംസ്കാരം നാളെ നടക്കും
Summary
പിറവം വെട്ടിത്തറ സെന്റ് മേരീസ് പള്ളിയില്‍ സഭാ തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് സംസ്‌കാര ചടങ്ങുകള്‍ തടസപ്പെട്ടത്.

സഭാ തര്‍ക്കം മൂലം തടസപ്പെട്ട ഓര്‍ത്തഡോക്സ് സഭാംഗമായ സി ജെ പൈലിയുടെ സംസ്കാരം നാളെ നടത്താന്‍ തീരുമാനമായി. ഹൈക്കോടതി നിര്‍ദേശ പ്രകാരം നാളെ 2 മുതല്‍ 5 വരെ ഇതിനായി ഓര്‍‌ത്ത‍ഡോക്സ് വിഭാഗത്തിന് സമയം അനുവദിക്കും. പിറവം വെട്ടിത്തറ സെന്റ് മേരീസ് പള്ളിയിലാണ് സംസ്കാരം നടക്കുക.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓര്‍ത്തഡോക്സ് സഭാംഗമായ സി ജെ പൈലി അന്തരിച്ചത്. തുടര്‍ന്ന് സംസ്കാരത്തിനായി മൃതദേഹം വെട്ടിത്തുറ സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചതോടെ തര്‍ക്കമായി. ഓര്‍ത്തഡോക്സ് വൈദികരെ ചടങ്ങുകള്‍ക്കായി പള്ളിയില്‍ പ്രവേശിപ്പിക്കില്ലെന്ന് യാക്കോബായ പക്ഷം നിലപാടെടുത്തതോടെ ബന്ധുക്കള്‍ സംസ്കാരം നടത്താതെ മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഓര്‍ത്തഡോക്സ് പക്ഷം ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത്.

ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊലീസും ആര്‍ഡിഒയും ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ നാളെ 2 മണി മുതല്‍ 5 മണി വരെയുള്ള സമയത്ത് ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് പള്ളിയില്‍ പ്രവേശിച്ച് ചടങ്ങ് നടത്താന്‍ അനുമതി നല്‍കി. ഇന്നലെ ഒരു മണിക്കൂര്‍ സമയം ചടങ്ങ് നടത്താനായി അനുവദിച്ചെങ്കിലും ഓര്‍ത്തഡോക്സ് പക്ഷം ഇത് അപര്യാപ്തമാണെന്ന് അറിയിക്കുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.