കൊല്ലത്ത് കുപ്പിവെള്ള കമ്പനിക്കെതിരെ വീണ്ടും ജനകീയസമരം
കുടിവെള്ള പ്രശ്നം രൂക്ഷമായ പ്രദേശത്ത് കുപ്പിവെള്ള ഫാക്ടറിക്ക് അനുമതി നൽകിയതിനെതിരെ ജനകീയ സമരം ശക്തമാകുന്നു. കൊല്ലം ഇട്ടിവ പഞ്ചായത്തിലാണ് സംഭവം. അനുമതി പിന്‍വലിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കാനാണ് സമര സമിതിയുടെ തീരുമാനം.
ഇട്ടിവ പഞ്ചായത്തിലെ പട്ടാണിമുക്ക് എന്ന പ്രദേശത്ത് രണ്ട് വർഷങ്ങൾക്ക് മുമ്പ് നോവ എന്ന പേരില്‍ കുപ്പിവെള്ള ഫാക്ടറിയുടെ നിര്‍മാണം ആരംഭിച്ചിരുന്നു. പഞ്ചായത്തിന്റെ ഒന്നടങ്കമുള്ള പ്രതിഷേധത്തെ തുടർന്ന് ഇത് ഉപേക്ഷിച്ചു. എന്നാൽ സർക്കാരിന്റെ പുതിയ ഏകജാലക പദ്ധതിയിലൂടെ പദ്ധതിക്ക് അനുമതി ലഭിച്ചിരിക്കുകയാണ്. ഇതിനെതിരെയാണ് ജനകീയ സമരം. കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്ന പ്രദേശത്ത് കുപ്പിവെള്ള ഫാക്ടറി ആരംഭിക്കുകയാണെങ്കിൽ സമീപപ്രദേശങ്ങളില്‍ ഇപ്പോള്‍ ഉള്ള ജല ഉറവകൾ പോലും വറ്റും എന്നാണ് നാട്ടുകാര്‍ പറയുന്നത്.
പഞ്ചായത്ത് ഓഫീസിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തുകും ചെയ്തു. സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതിയുടെ ചെയർമാൻ കൂടിയായ മുല്ലക്കര രത്നാകരന്റെ മണ്ഡലത്തിലാണ് കുപ്പിവെള്ള ഫാക്ടറിക്കെതിരെ ജനകീയസമരം പുരോഗമിക്കുന്നത്. ഓഡിറ്റോറിയം എന്ന പേരിലായിരുന്നു കുപ്പിവെള്ള കമ്പനി ആദ്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.