LiveTV

Live

Kerala

റേഡിയോ ജോക്കിയുടെ കൊലപാതകം: ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാര്‍ കണ്ടെത്തി

റേഡിയോ ജോക്കിയുടെ കൊലപാതകം: ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാര്‍ കണ്ടെത്തി
Summary
കായംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്. കാര്‍ വാടകക്കെടുത്ത അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാര്‍ കണ്ടെത്തി. കായംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്. കാര്‍ വാടകക്കെടുത്ത അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല നടത്തിയവര്‍ സംസ്ഥാനം വിട്ടതായാണ് സൂചന.

സ്വിഫ്റ്റ് കാറിലാണ് സംഘമെത്തിയതെന്ന് രാജേഷിനൊടൊപ്പം ഉണ്ടായിരുന്ന കുട്ടന്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കൊലപാതകം നടന്നതിന് സമീപത്തുള്ള കടകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്നാണ് മടവൂര്‍ സഹകരണ സൊസൈറ്റിക്ക് മുന്നിലൂടെ ക്വട്ടേഷന്‍ സംഘം ഉപയോഗിച്ച ചുവന്ന കാര്‍ കടന്ന് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. അന്ന് രാത്രി ഏഴ് മണിക്കും എട്ട് മണിക്കും ഇടയിലുള്ള ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. രാജേഷിന്‍റെ ഫോണ്‍ വിളികളോരോന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പരിചയപ്പെട്ട സ്ത്രീയുമായി രാജേഷ് നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. ഈ ബന്ധമാണോ കൊലപാതകത്തിന് കാരണമായതെന്ന സംശയം പൊലീസിനുണ്ട്. ഗള്‍ഫില്‍ നിന്നുള്ള ക്വട്ടേഷനാണെന്ന് സംശയവും പൊലീസിനുണ്ട്. ഫോണ്‍ വിളികളുടെ ശാസ്ത്രീയ പരിശോധന കഴിഞ്ഞാല്‍ കൊലപാതകത്തിന്‍റെ കാരണം സംബന്ധിച്ച കൃത്യമായ കാരണം ലഭിക്കുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍.