LiveTV

Live

Kerala

ചെങ്ങന്നൂരില്‍ 'വശീകരണതന്ത്ര'വുമായി ബിജെപി; തുഷാറിനെയും മാണിയെയും അടുപ്പിക്കാന്‍ നീക്കം

ചെങ്ങന്നൂരില്‍ 'വശീകരണതന്ത്ര'വുമായി ബിജെപി; തുഷാറിനെയും മാണിയെയും അടുപ്പിക്കാന്‍ നീക്കം
Summary
മാണിയെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ബിജെപിയില്‍ത്തന്നെ രണ്ടഭിപ്രായം നിലനില്‍ക്കുന്നുമുണ്ട്.

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമ്പോഴേക്കും ബിഡിജെഎസുമായുള്ള പ്രശ്നം പരിഹരിക്കാനും കെഎം മാണിയെ സ്വന്തം പാളയത്തിലെത്തിക്കാനുമുള്ള നെട്ടോട്ടത്തിലാണ് ബിജെപി നേതൃത്വം. ബിജെപി ദേശീയ നേതൃത്വം നിശ്ചയിച്ച പ്രതിനിധികളാണ് ഇതിനായി ഇരുപാര്‍ട്ടികളുമായും ചര്‍ച്ച നടത്തുന്നത്. മാണിയെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ബിജെപിയില്‍ത്തന്നെ രണ്ടഭിപ്രായം നിലനില്‍ക്കുന്നുമുണ്ട്.

ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ഥിയായി നേരത്തെത്തന്നെ നിശ്ചയിച്ച് കഴിഞ്ഞ തവണത്തേക്കാള്‍‍ നേട്ടമുണ്ടാക്കാമെന്ന ചിന്തയില്‍ ആവേശപൂര്‍വം തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങിയ ബിജെപിയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയുണ്ടാക്കിയത് ബിഡിജെഎസിന്‍റെ നിലപാട് തന്നെയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലടക്കം ഒരു കാര്യത്തിലും എന്‍ഡിഎയുമായി സഹകരിക്കില്ലെന്ന ബിഡിജെഎസ് നിലപാട് ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കി. എങ്ങനെയെങ്കിലും പ്രശ്നം പരിഹരിച്ച് ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള ശ്രമം അണിയറയില്‍ തകൃതിയായി നടക്കുകയാണ്. വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് പാലിക്കുക തന്നെ വേണമെന്നാണ് ബിജെപി സ്ഥാനാര്‍ഥി അഡ്വക്കറ്റ് പിഎസ് ശ്രീധരന്‍ പിള്ള ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

സ്ഥാനാര്‍ഥിയെന്ന നിലയില്‍ ബിഡിജെഎസിനെ കൂടുതല്‍ അനുനയിപ്പിക്കുകയെന്ന ലക്ഷ്യം കൂടി ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയിലുണ്ട്. എന്നാല്‍ ഇനി പ്രശ്നം പരിഹരിച്ചാലും കാര്യങ്ങള്‍ പഴയപോലെയാവില്ലെന്ന് ബിജെപിക്കറിയാം. അതിനാലാണ് മാണിയെക്കൂടി എത്രയും വേഗം മുന്നണിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നത്. എന്നാല്‍ വി മുരളീധരനടക്കമുള്ളവരുടെ എതിര്‍ സ്വരങ്ങള്‍ ഇതില്‍ കല്ലുകടിയാവുന്നുണ്ട്.