ക്വാറികളിലെ വെള്ളം വരള്‍ച്ച ബാധിച്ച പ്രദേശങ്ങളിലേക്ക്; പദ്ധതിയുമായി ക്വാറിയുടമകള്‍
സംസ്ഥാനത്തെ ക്വാറികളിലെ വെള്ളം വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ചെറു കിട ക്വാറി ഉടമകള്‍. പ്രവര്‍ത്തനം നിലച്ചതും അല്ലാത്തതുമായ ക്വാറികളിലെ വെള്ളം ശേഖരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിയുമായി സര്‍ക്കാരിനെ സമീപിക്കാനാണ് ക്വാറി ഉടമകളുടെ തീരുമാനം. ആവശ്യമായ പഠനത്തിനു ശേഷം വെളളം ശുദ്ധീകരിച്ച് കുടിക്കാനായി ഉപയോഗിക്കാമെന്നും ക്വാറി ഉടമകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജില്ലാ കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ ക്വാറികളില്‍ നിന്നും വെള്ളം വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ വിതരണം ചെയ്തിരുന്നു. ഇക്കുറി ഇത് സംസ്ഥാന വ്യാപകമാക്കാനാണ് ചെറുകിട ക്വാറി ഉടമകള്‍ ഒരുങ്ങുന്നത്.
സംസ്ഥാനത്ത് പ്രവര്‍ത്തനം നടക്കുന്നതും അല്ലാത്തതുമായി 1500ലധികം ചെറുകിട ക്വാറികളുണ്ട്. വലിയ ജലശേഖരമാണ് ക്വാറികളിലുള്ളത്. വന്‍തോതില്‍ ജലശേഖരമുളള ക്വാറികളുടെ കണക്കെടുത്ത ശേഷം സര്‍ക്കാരിന് സമര്‍പ്പിക്കും. കാര്‍ഷിക ആവശ്യത്തിനായി വെള്ളം ഉപയോഗിക്കാനുള്ള പദ്ധതിയുടെ രൂപരേഖയും ഇതിനോടൊപ്പം തയ്യാറാക്കുന്നുണ്ട്. സര്‍ക്കാര്‍ സഹകരിച്ചാല്‍ ഈ വര്‍ഷം പദ്ധതി നടപ്പാകുമെന്നാണ് ക്വാറി ഉടമകള്‍ പറയുന്നത്.