LiveTV

Live

Kerala

കാർഷിക മേഖലയിൽ ശ്രദ്ധേയനാവുകയാണ് ആലപ്പുഴ കണ്ണുവള്ളിൽ വി സുരേഷ് കുമാർ 

കാർഷിക മേഖലയിൽ ശ്രദ്ധേയനാവുകയാണ് ആലപ്പുഴ കണ്ണുവള്ളിൽ വി സുരേഷ് കുമാർ 
Summary
വിദേശ രാജ്യങ്ങളിലെ ഫല വൃക്ഷങ്ങളുമൊക്കെ സ്വന്തം പുരയിടത്തിൽ വിളയിച്ച് കാർഷിക മേഖലയിൽ ശ്രദ്ധേയനാവുകയാണ് ആലപ്പുഴ കണ്ണുവള്ളിൽ വി സുരേഷ് കുമാർ.

അപൂർവയിനം വിളകളും വിദേശ രാജ്യങ്ങളിലെ ഫല വൃക്ഷങ്ങളുമൊക്കെ സ്വന്തം പുരയിടത്തിൽ വിളയിച്ച് കാർഷിക മേഖലയിൽ ശ്രദ്ധേയനാവുകയാണ് ആലപ്പുഴ കണ്ണുവള്ളിൽ വി സുരേഷ് കുമാർ. അന്യം നിന്നുപോകുന്ന നാടൻ കാർഷിക വിളകൾ വംശനാശം വരാതെ സൂക്ഷിക്കുക കൂടിയാണ് ഇദ്ദേഹം. വാഴകളിൽ മാത്രം എഴുപതിനങ്ങളാണ് സുരേഷ് കുമാർ കൃഷി ചെയ്യുന്നത്.

ഫിലിപ്പീൻസ് വാഴയായ സിവിറോസ്, ലാറ്റിൻ അമേരിക്കൻ ഇനമായ പൊപൗലു പഴനിയിൽ പഞ്ചാമൃതം ഉണ്ടാക്കാനുപയോഗിക്കുന്ന പേറ്റന്റ് ഉള്ള വാഴയായ വിരൂപാക്ഷി, പ്രധാനമായും അലങ്കാരങ്ങൾക്കുപയോഗിക്കുന്ന ആയിരം കാച്ചി തുടങ്ങിയവയെല്ലാം സുരേഷ്കുമാറിന്റെ അമ്പതു സെന്റ് പുരയിടത്തിലെത്തിയാൽ കാണാം. വംശനാശം വന്നു കൊണ്ടിരിക്കുന്ന, ഒരു പടല പഴം മാത്രം കുലയിലുണ്ടാവുന്ന ഒറ്റ മുംഗിലിയും ഇവിടെയുണ്ട്.

അവോക്കാഡോ, പീനട്ട് ബട്ടർ ഫ്രൂട്ട്, കിവാനയെന്ന മുള്ളുള്ളതരം സലാഡ് വെള്ളരി, ഗായ് ഫ്രൂട്ട്, ജമൈക്കൻ ദേശീയ പഴമായ അക്കി ഫ്രൂട്ട്, എരിവിന്റെ രാജാവായ നാഗാമുളക് അഥവാ രാജാ മിർച്ച് എന്നിവയുടെയൊക്കെ മ്യൂസിയം കൂടിയാണ് സുരേഷ് കുമാറിന്റെ പുരയിടം. നാട്ടിൽ കൃഷി ചെയ്യാൻ അനുയോജ്യമായ ഒട്ടു തൈകളും സുരേഷ് കുമാർ ഉണ്ടാക്കും. സ്വന്തം അറിവുകളും അപൂർവ്വ ഇനങ്ങളുടെ വിത്തുകളും തൈകളുമൊക്കെ മറ്റുള്ളവർക്ക് കൈമാറാനും മടിയില്ല. സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ മികച്ച ജൈവകർഷകനുള്ള ജില്ലാതല പുരസ്കാരവും സുരേഷ് കുമാറിനെ തേടിയെത്തി.