LiveTV

Live

Kerala

കേരള യൂണിവേഴ്‌സിറ്റിയിലെ പരീക്ഷകളും ക്ലാസും അവതാളത്തില്‍

Summary
ഡിഗ്രി വിദ്യാര്‍ത്ഥികളാണ് കേരള സര്‍വകലാശാലയുടെ പിടിപ്പുകേടിന് ഇരയായിരിക്കുന്നത്. ഏപ്രിലില്‍ നടക്കേണ്ട അവസാന സെമസ്റ്റര്‍ പരീക്ഷക്കുള്ള ക്ലാസുകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

കേരള സര്‍വകലാശാലയിലെ പരീക്ഷാ നടത്തിപ്പും സെമസ്റ്റര്‍ സംവിധാനവും അവതാളത്തിലെന്ന് പരാതി. ഡിഗ്രി ക്ലാസുകളും പരീക്ഷാ നടത്തിപ്പും താളം തെറ്റിയതോടെ കോളജുകള്‍ സ്തംഭനാവസ്ഥയിലാണ്. പ്രതിസന്ധി ഒഴിവാക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

ഡിഗ്രി വിദ്യാര്‍ത്ഥികളാണ് കേരള സര്‍വകലാശാലയുടെ പിടിപ്പുകേടിന് ഇരയായിരിക്കുന്നത്. ഏപ്രിലില്‍ നടക്കേണ്ട അവസാന സെമസ്റ്റര്‍ പരീക്ഷക്കുള്ള ക്ലാസുകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഡിഗ്രി രണ്ട്, നാല്, അഞ്ച് സെമസ്റ്ററുകളുടെ മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ കോളജുകള്‍ക്ക് ഇപ്പോള്‍ അവധിയാണ്. ആറ് മാസം കൊണ്ട് തീര്‍ക്കേണ്ട പാഠങ്ങള്‍ക്കായി ഇനി ലഭിക്കുക മുപ്പതോ മുപ്പത്തിയഞ്ചോ ദിവസങ്ങള്‍ മാത്രം.

പരീക്ഷാ ഫീസ് അടപ്പിച്ചെങ്കിലും നവംബറില്‍ നടക്കേണ്ട ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഇതുവരെ നടത്തിയിട്ടില്ല. മൂന്ന് കേന്ദ്രങ്ങളിലായാണ് മൂന്ന് സെമസ്റ്ററുകളുടെ മൂല്യനിര്‍ണയം നടക്കുന്നത്. ഈ മാസം 15ന് ആരംഭിച്ച മൂല്യനിര്‍ണയം ഇന്ന് അവസാനിക്കേണ്ടതാണ്. എന്നാല്‍ മൂല്യനിര്‍ണയവും സിന്‍ഡിക്കേറ്റ് പരീക്ഷാ ഉപസമിതിയുടെ ആസൂത്രണമില്ലായ്മ മൂലം താളം തെറ്റി.

വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യത വരെ നഷ്ടപ്പെടുന്ന സാഹചര്യം യൂണിവേഴ്സ്റ്റി വൈസ് ചാന്‍സിലറും സിന്‍ഡിക്കേറ്റും സെനറ്റും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു.