LiveTV

Live

Kerala

സീറോ മലബാർ സഭാ ഭൂമിയിടപാട്: കുറ്റം സമ്മതിച്ച് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സീറോ മലബാർ സഭാ ഭൂമിയിടപാട്: കുറ്റം സമ്മതിച്ച് കര്‍ദിനാള്‍  ജോര്‍ജ് ആലഞ്ചേരി
Summary
മൊഴിപ്പകര്‍പ്പും അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടും മീഡിയവണിന്

എറണകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപടില്‍ തെറ്റ് സംഭവിച്ചുവെന്ന് കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ്ജ് ആലഞ്ചേരിയുടെ കുറ്റസമ്മത മൊഴി. അതിരൂപതയെ വഞ്ചിച്ച ഇടനിലക്കാരന്‍ സാജു വര്‍ഗീസിനെ ഫിനാന്‍സ് ഓഫിസര്‍ക്ക് പരിചയപ്പെടുത്തിയത് താനാണ് ‍. ഇടപാടില്‍ ചില ക്രമക്കേടുകള്‍ വന്നുവെന്നും കര്‍ദ്ദിനാള്‍ മൊഴിയില്‍ വ്യക്തമാക്കി‍. അതേസമയം ഇടപാടില്‍ വന്‍ സാന്പത്തിക നഷ്ടവും നിയമലംഘനവും നടന്നുവെന്ന കണ്ടെത്തലാണ് അതിരുപത അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. കമ്മീഷന്‍ റിപ്പോര്‍ട്ടും മൊഴിപ്പകര്‍പ്പും മീഡിയവണിന് ലഭിച്ചു.



എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമി കച്ചവട വിവാദം അന്വേഷിക്കാന്‍ രൂപത നിയോഗിച്ച ആറംഗ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടും അനുബന്ധമായി ചേര്‍ത്ത കര്‍ദിനാളിന്റെ മൊഴിപ്പകര്‍പ്പുമാണ് പുറത്തായത്. കര്‍ദ്ദിനാള്‍ മൊഴി കമ്മീഷന് എഴുതി നല്‍കി. മൊഴിയില്‍ കര്‍ദ്ദിനാള്‍ വീഴ്ച തുറന്ന് സമ്മതിക്കുന്നു. കാനോനിക നിയമങ്ങളോ സിവില്‍ നിയമങ്ങളോ ലംഘിക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ചില ക്രമക്കേടുകള്‍ സംഭവിച്ചു. അതില്‍ ഖേദിക്കുന്നു. രൂപതയുടെ നന്മ മാത്രമാണ് ആഗ്രഹിച്ചതെന്നും മൊഴിയില്‍ പറയുന്നു.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളിങ്ങനെ: കര്‍ദ്ദിനാള്‍ കാനോനിക നിയമങ്ങള്‍ ലംഘിച്ചു. ഇടപാടുകളൊന്നു ബന്ധപ്പെട്ട രൂപതാ സമിതികളെ അറിയിച്ചില്ല. ഇടനിലക്കാരന്‍ കര്‍ദ്ദിനാളിന്റെ അടുപ്പക്കാരനാണ്. കോട്ടപ്പടിയിലും ദേവികുളത്തും ഭൂമി വാങ്ങിയതും ഭൂമി വിറ്റതും പത്ത് കൊടി ലോണെടുത്തതുമടക്കമുള്ള ഇടപാടുകള്‍ കര്‍ദ്ദിനാളും മറ്റ് രണ്ട് വൈദികരുമേ അറിഞ്ഞുള്ളു. റിപ്പോര്‍ട്ടിലെ മറ്റ് കണ്ടെത്തലുകളിങ്ങനെ, സഹായമെത്രാന്‍മാരില്‍ നിന്നും കൂരിയ അംഗങ്ങളില്‍ നിന്നും ഇടപാടിന്റെ വിശദാംശങ്ങള്‍ മറച്ചുവെച്ചു. മറ്റുരില്‍ ഭൂമി വാങ്ങിയതും അഞ്ച് പ്ലോട്ടുകള്‍ വിറ്റതുമടക്കം വിപണി മൂല്യം പരിഗണിക്കുന്പോള്‍ 46 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. തെറ്റായ രീതിയില്‍ നിശ്ചയിച്ച വിലപ്രകാരം നഷ്ടം 18 കോടി. ഇടപാടുകള്‍ രൂപതയ്ക്ക് 70 കോടി രൂപയുടെ കട ബാധ്യതയുണ്ടാക്കി. കമ്മീഷന്റെ ഇതര നിര്‍ദേശങ്ങളിങ്ങനെ അതിരൂപതയുടെ മുഴുവന്‍ അക്കൌണ്ടുകളും ഓഡിറ്റ് ചെയ്യണം, പുതിയ സാന്പത്തികകാര്യസമിതി രൂപീകരിക്കണം, തെറ്റുചെയ്തവര്‍ക്കെതിരെ സഭാ നിയമപ്രകാരം നടപടി വേണം. സമ്പത്തുകള്‍ക്ക് പുതിയ രജിസ്റ്റര്‍ ഏര്‍പെടുത്തണം. ഇടനിലക്കാരന്‍ സാജു വര്‍ഗിസിനെതിരെ നിയമനടപടി സ്വീകരിക്കണം. സഭാ സമിതികളുട കൂട്ടായ തീരുമാനമില്ലാതെ ഒരു കാര്യവും നടപ്പാക്കരുതെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.