LiveTV

Live

Kerala

ലോക്‍സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുളള നീക്കം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

ലോക്‍സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുളള നീക്കം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി
Summary
പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും പിണറായി

ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുളള നീക്കം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അത്തരം നീക്കങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും സി.പി.എം കണ്ണൂര്‍ജില്ലാ സമ്മേളനത്തിന്റെ സമാപാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു

കണ്ണൂര്‍ നഗരത്തെ ചുവപ്പണിയിച്ച റാലിയോടെയാണ് മൂന്ന് ദിവസങ്ങളിലായി നടന്ന സി.പി.എം ജില്ലാ സമ്മേളനം സമാപിച്ചത്. കണ്ണൂര്‍സ്റ്റേഡിയത്തില്‍ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുളള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം അംഗീകരിക്കാനാവില്ലെന്നും ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.



ജില്ലാ സെക്രട്ടറിയായി പി.ജയരാജനെ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് ജയരാജന്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 49 അംഗ ജില്ലാ കമ്മറ്റിയില്‍ 6പേര്‍ പുതുമുഖങ്ങളാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്‍, സിഐടിയു ജില്ലാ സെക്രട്ടറി കെ മനോഹരന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സനോജ്, അഞ്ചരക്കണ്ടി, തളിപ്പറമ്പ് ഏരിയ സെക്രട്ടറിമാരായ കെ.ശബരീഷ് കുമാര്‍, പി.മുകുന്ദന്‍, മഹിളാ അസോസിയേഷന്‍ നേതാവ് പി.കെ ശ്യാമള എന്നിവരാണ് പുതിയതായി കമ്മറ്റിയില്‍ ഇടംപിടിച്ചത്. മൂന്ന് പേരെ കമ്മറ്റിയില്‍നിന്ന് ഒഴിവാക്കി. 56 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും യോഗം തെരഞ്ഞെടുത്തു.