LiveTV

Live

Kerala

തൃശൂര്‍ നഗരത്തില്‍ 'പച്ച'മനുഷ്യന്‍

തൃശൂര്‍ നഗരത്തില്‍ 'പച്ച'മനുഷ്യന്‍
Summary
ശരീരം നിറയെ പച്ച പൂശിയ ഒരാള്‍, കയ്യില്‍ ഒരു ചെറിയ വണ്ടിയും. കണ്ണില്‍ കണ്ടവരോട് മുഴുവന്‍ തന്റെ ഭാഷയില്‍ സംസാരിക്കുന്നു...

ശരീരം നിറയെ പച്ചനിറം പൂശിയ ഒരു അപരിചിതന്‍ മുന്നില്‍ വന്ന് പെട്ടാല്‍ എന്തായിരിക്കും അവസ്ഥ. തൃശൂര്‍ നഗരത്തില്‍ ഇന്നലെ ഇങ്ങനെ ഒരു അപരിചിതന്‍ എത്തി. കണ്ടവരെല്ലാം ആദ്യം അമ്പരന്നെങ്കിലും പിന്നീടാണ് അന്താരാഷ്ട്ര നാടകോത്സവത്തിലെ ഏകാംഗ തെരുവ് നാടകമാണെന്ന് മനസിലായത്.

ശരീരം നിറയെ പച്ച പൂശിയ ഒരാള്‍, കയ്യില്‍ ഒരു ചെറിയ വണ്ടിയും. കണ്ണില്‍ കണ്ടവരോട് മുഴുവന്‍ തന്റെ ഭാഷയില്‍ സംസാരിക്കുന്നു. ആര്‍ക്കും ഒന്നും മനസിലാകുന്നില്ല. കടകളില്‍ കയറി, വാഹനങ്ങള്‍ തടുത്തു. കണ്ടവരെല്ലാം പേടിച്ച് അമ്പരന്ന് നിന്നു.

അന്താരാഷ്ട്ര നാടകോത്സവത്തിലെ നാടകമാണെന്ന് മനസിലായതോടെ ചിലര്‍ കൂടെകൂടി. പച്ച മനുഷ്യന്‍ എന്ന ഈ ഏകാംഗ നാടകത്തിന് കഥയോ രംഗഭാഷയോ ഇല്ല. ഒരു പച്ച മനുഷ്യന്റെ എല്ലാ സ്വഭാവവും തികച്ചും സ്വാഭാവികമായി അവതരിപ്പിക്കുകയായിരുന്നു.

സ്പെയിനില്‍ നിന്നുള്ള അഡ്രിയാന്‍ ഷ്വസ്റ്റീന്‍ ആണ് പച്ച മനുഷ്യന്‍ നഗരത്തില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷവും അഭയാര്‍ഥികളുടെ തെരവ് നാടകവുമായി അഡ്രിയാന്‍ കേരളത്തില്‍ എത്തിയിരുന്നു.