LiveTV

Live

Kerala

ഏജന്റമാരുടെ ചതി: ഇതര സംസ്ഥാനങ്ങളില്‍ നഴ്‍സിംഗ് വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്നു

ഏജന്റമാരുടെ ചതി: ഇതര സംസ്ഥാനങ്ങളില്‍ നഴ്‍സിംഗ് വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്നു
Summary
ബാങ്ക് വായ്പ എടുത്തു നല്‍കുമെന്ന ഏജന്‍റുമാരുടെ ഉറപ്പില്‍ കോഴ്സിനു ചേര്‍ന്നവരാണ് പഠനം തുടരാനാവാതെ പ്രതിസന്ധിയിലായിരിക്കുന്നത്.

ഏജന്‍റുമാരുടെ ചതിയില്‍ കുടുങ്ങി ഇതര സംസ്ഥാനങ്ങളില്‍ നേഴ്സിംഗ് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുന്നു. ബാങ്ക് വായ്പ എടുത്തു നല്‍കുമെന്ന ഏജന്‍റുമാരുടെ ഉറപ്പില്‍ കോഴ്സിനു ചേര്‍ന്നവരാണ് പഠനം തുടരാനാവാതെ പ്രതിസന്ധിയിലായിരിക്കുന്നത്. കോഴ്സിന്‍റെ മുഴുവന്‍ ഫീസും നല്‍കാതെ സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി നല്‍കാന്‍ സ്വകാര്യ നേഴ്സിംഗ് കോളേജുകള്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ബിന്‍സി 2014ല്‍ പ്ലസ് ടു സയന്‍സ് ഗ്രൂപ്പില്‍ 65 ശതമാനം മാര്‍ക്കോടെയാണ് പാസായത്.ഇതിനു പിന്നാലെ കര്‍ണാടകയിലെ സ്വകാര്യ നേഴ്സിംഗ് കോളേജുകളുടെ ഏജന്‍റ് ബിന്‍സിയെ തേടിയെത്തി. നേഴ്സിംഗ് പഠനത്തിന് ബാങ്ക് വായ്പ എടുത്തു കൊടുക്കുമെന്ന ഉറപ്പോടെയാണ് ഏജന്‍റ് ബിന്‍സിയുടെ പിതാവിനെ സമീപിച്ചത്.എന്നാല് മൈസൂര്‌ കാവേരി നേഴ്സിംഗ് കോളേജില്‍ പ്രവേശനം നേടിയെങ്കിലും ബാങ്ക് വായ്പ ലഭിക്കാതായതോടെ ഇവര്‍ പ്രതിസന്ധിയിലായി.

ബാങ്ക് വായ്പ കിട്ടാതായതോടെ രക്ഷിതാക്കള്‍ ഏജന്‍റിനെ വീണ്ടും സമീപിച്ചു. തുടര്‍ന്ന് ആദ്യ വര്‍ഷത്തെ ഫീസ് ഏജന്‍റ് അടച്ചെങ്കിലും ഇതു വൈകാതെ തിരിച്ചു നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പലരായി സഹായിച്ച ഒരു ലക്ഷം രൂപയും ഇതിനകം കോളേജില്‍ അടച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഫീസായ ഒരു ലക്ഷംരൂപ അടക്കാതെ കോളേജിലേക്ക് വരേണ്ടെന്ന് അധികൃതര്‍ അറിയിച്ചതോടെ ക്രിസ്മസ് അവധി കഴിഞ്ഞ് ബിന്‍സി മടങ്ങിയിട്ടില്ല. അവശേഷിക്കുന്ന മുഴുവന്‍ ഫീസും അടച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് പോലും തിരികെ ലഭിക്കൂ. കൂരാച്ചുണ്ട്, തിരുവമ്പാടി,ചക്കിട്ടപാറ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ ഏജന്‍റ്മാരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം..