കുറ്റിപ്പുറം പാലത്തിനു താഴെ നിന്നും അഞ്ഞൂറോളം വെടിയുണ്ടകള്‍ കണ്ടെത്തി

കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയില്‍ നിന്ന് അഞ്ഞൂറോളം വെടിയുണ്ടകള്‍ കണ്ടെത്തി. സൈനിക ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. സൈന്യം ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അഞ്ച് കുഴിബോംബുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു.
കുഴിബോംബുകള്‍ കണ്ടെടുത്ത സ്ഥലത്തിനു സമീപം പോലീസ് നടത്തിയ തെരച്ചിലിലാണ് കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ചാക്കില്‍ കെട്ടിയ നിലയില്‍ അഞ്ഞൂറോളം വെടിയുണ്ടകളാണ് അദ്യം ലഭിച്ചത്. തുടര്‍ന്ന് , പള്‍സ് ജനറേറ്ററുകള്‍, കാറ്ററിഡ്ജ് പൌച്ച് തുടങ്ങിയവയും ലഭിച്ചു. കണ്ടെടുത്ത വസ്തുക്കളെല്ലാം കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മലപ്പുറം എസ്പിയുടെ ചുമതലയുള്ള പ്രതീഷ്കുമാര്‍, തിരൂര്‍ ഡിവൈഎസ്പി ഉല്ലാസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. സൈന്യത്തില്‍ നിന്നും ആരോ കൈപ്പറ്റിയതാണ് ഇവയെല്ലാമെന്ന നിഗമനത്തിലാണ് പോലീസ്.
മിലിട്ടറി ഇന്റലിജന്‍സ്, ഇന്റലിജന്‍സ് ബ്യൂറോ, എന്‍.എസ്.ജി തുടങ്ങിയ ഏജന്‍സികള്‍ അടുത്ത ദിവസം കുറ്റിപ്പുറത്തെത്തി പരിശോധന നടത്തും. കുഴിബോംബ് കണ്ടെത്തിയ സംഭവത്തെക്കുറിച്ച് എസ്പി ദേബേഷ്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസിന്റെ ഒരു സംഘം ഇപ്പോള്‍ സംസ്ഥാനത്തിന് പുറത്താണ്. ഇത്രയും സ്ഫോടക ശേഖരം കുറ്റിപ്പുറത്ത് ഉപേക്ഷിക്കപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പോലീസിന് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല.