എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിവാദത്തില്‍ വീഴ്ച ഉണ്ടായെന്ന് കമ്മീഷന് റിപ്പോര്‍ട്ട്
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ വീഴ്ച സംഭവിച്ചെന്ന് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. രൂപതക്ക് 34 കോടിയുടെ നഷ്ടം ഉണ്ടായി. ഇടപാടുകള്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അറിഞ്ഞാണ് നടന്നത്. സഭാ സമിതികളില്‍ ആവശ്യമായ ചര്‍ച്ച ചെയ്യാതെയാണ് നടപടികളുമായി മുന്നോട്ടുപോയതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ഇന്ന് വൈദിക യോഗത്തില്‍ അവതരിപ്പിക്കും.
വിവാദ ഭൂമികച്ചവടത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപത നിയോഗിച്ച ആറംഗ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ഇന്ന് 2.30-ക്ക് വൈദിക പ്രതിനിധി യോഗത്തില്‍ അവതരിപ്പിക്കും. 40-അംഗ പ്രിസ്ബിറ്ററി കൌണ്‍സിലാണ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരുക. ഇതിനിടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വന്നു. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളിങ്ങനെ. വിവാദ ഭൂമികച്ചവടത്തില്‍ അതിരൂപതയ്ക്ക് 34 കോടി രൂപ നഷ്ടം സംഭവിച്ചു. 18 കോടി രൂപ ഭൂമി വിറ്റയിനത്തില്‍ ലഭിക്കാനുള്ളതും, പകരം ഭൂമി രജിസ്റ്റര്‍ ചെയ്യാനായി മുടക്കിയ 16 കോടിയുമടക്കമാണ് 34 കോടിയുടെ നഷ്ടമുണ്ടായത്. മറ്റൂരില്‍ ഭൂമി വാങ്ങിയത് ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയായിരുന്നു. ഭൂമിയിടപാടുകള്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് അറിയാമായിരുന്നു. ഇടനിലക്കാരനെ കര്‍ദ്ദിനാളിന് വ്യക്തിപരമായ പരിചയമുണ്ടായിരുന്നു.
വിപണി വിലയുടെ മൂന്നിലൊന്ന് മാത്രമാണ് രൂപതയ്ക്ക് ലഭിച്ചത്. പ്രൊക്യൂറേറ്റര്‍ ചുമതല വഹിച്ചിരുന്ന ജോഷി പുതുവയും വികാരി ജനറല്‍ സെബാസ്റ്റ്യന്‍ വടക്കും പാടനും ഗുരുതര വീഴ്ച വരുത്തി. ജീവകാരുണ്യ പ്രവര്ത്തനനത്തിനായി ലഭിച്ച ഭൂമിയും മറിച്ചു വിറ്റു. ഇടപാടുകള്‍ പലതും സഭാ സമിതികള്‍ അറിഞ്ഞില്ല. കാനോനിക നിയമങ്ങള്‍ ലംഘിക്കപ്പെട്ടു. രൂപതാ സമിതികള്‍ അറിയാതെ വന്‍തുക ലോണെടുത്തു. അതിരൂപതയിലെ ഫിനാന്‍സ് കമ്മിറ്റിക്ക് പോലും ഇടപാടിന്റെ വിശദാശംങ്ങള്‍ അറിയുമായിരുന്നില്ല. ഇടപാടിന്റെ സമയത്ത് നോട്ട്നിരോധം വന്നത് പ്രശ്നങ്ങളുണ്ടാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു.