LiveTV

Live

Kerala

സ്ഥിരമായി ജോലിക്കെത്താത്ത പ്ലാന്‍റേഷന്‍ തൊഴിലാളികളെ പിരിച്ചുവിടും

സ്ഥിരമായി ജോലിക്കെത്താത്ത പ്ലാന്‍റേഷന്‍ തൊഴിലാളികളെ പിരിച്ചുവിടും
Summary
തൊഴിലാളികള്‍ അവധിയെടുത്ത് പുറത്ത് ജോലിക്ക് പോകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ജോലിക്ക് സ്ഥിരമായി ഹാജരാകാത്ത പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ തൊഴിലാളികളെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തൊഴിലാളികള്‍ അവധിയെടുത്ത് പുറത്ത് ജോലിക്ക് പോകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഒമ്പത് വര്‍ഷത്തിലേറെയായി താത്കാലിക ജീവനക്കാരായി തുടരുന്നവരെ സ്ഥിരപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന് കീഴിലെ പേരാമ്പ്ര എസ്റ്റേറ്റില്‍ മാത്രം എഴുപതോളം തൊഴിലാളികള്‍ തുടര്‍ച്ചയായി അവധിയെടുക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്‌റെ കണക്ക്. മറ്റ് എസ്റ്റേറ്റുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതുമൂലം ഉല്‍പ്പാദനത്തില്‍‌ കനത്ത നഷ്ടം കോര്‍പ്പറേഷനുണ്ടാകുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.

ഏറെക്കാലമായി പ്ലാന്‍റേഷന്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് പഠിക്കാന്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണനും കൃഷിമന്ത്രി വി എസ് സുനില്‍കുമാറും തൊഴിലാളി യൂണിയന്‍‌ നേതാക്കളും പങ്കെടുത്ത കോഴിക്കോട്ടെ യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.