LiveTV

Live

Kerala

പെരുവെമ്പ് സ്‌കൂളിലെ നിയമന വിവാദത്തില്‍ അന്വേഷണം ആരംഭിച്ചു

പെരുവെമ്പ് സ്‌കൂളിലെ നിയമന വിവാദത്തില്‍ അന്വേഷണം ആരംഭിച്ചു
Summary
പെരുവെമ്പ് സിഎ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിയമവിരുദ്ധമായി അധ്യാപകരെ പിരിച്ചു വിടുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്ത് നിയമനം നടത്തി കോഴ വാങ്ങുന്നത് സംബന്ധിച്ച് നേരത്തെ മീഡിയവണ്‍ ചെയ്ത വാര്‍ത്തയെ തുടര്‍ന്നാണ് അന്വേഷണം.

പാലക്കാട് പെരുവെമ്പ് സ്‌കൂളിലെ നിയമനക്കൊള്ളയുമായി ബന്ധപ്പെട്ട് ഹയര്‍സെക്കന്‍ഡറി വകുപ്പ് അന്വേഷണമാരംഭിച്ചു. ഫിനാന്‍സ് വിഭാഗം ജോയിന്റ് സെക്രട്ടറി മുരളീധരന്‍ പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനിടെ, മറ്റ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ രജിസ്റ്ററില്‍ പേര് ചേര്‍ത്ത് അധിക ഡിവിഷനുണ്ടാക്കിയതിന്റെ തെളിവുകളും പുറത്തു വന്നു.

പെരുവെമ്പ് സിഎ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിയമവിരുദ്ധമായി അധ്യാപകരെ പിരിച്ചു വിടുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്ത് നിയമനം നടത്തി കോഴ വാങ്ങുന്നത് സംബന്ധിച്ച് നേരത്തെ മീഡിയവണ്‍ ചെയ്ത വാര്‍ത്തയെ തുടര്‍ന്നാണ് അന്വേഷണം. ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും പരിശോധിക്കാന്‍ കഴിഞ്ഞ ബുധനാഴ്ച സ്‌കൂളിലെത്തുമെന്ന് കാണിച്ച് ഹയര്‍ സെക്കന്‍ഡറി ഫിനാന്‍സ് വിഭാഗം ജോയിന്റ് സെക്രട്ടറി മുരളീധരന്‍ പിള്ള സ്‌കൂളിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് തീയതി മാറ്റിവെച്ചു. ഇതിനിടെയാണ് മറ്റ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ അററന്‍ഡന്‍സ് രജിസ്റ്ററില്‍ ചേര്‍ത്ത് ഡിവിഷന്‍ വര്‍ധിപ്പിച്ച് നിയമനം നടത്തിയതായുളള തെളിവുകള്‍ പുറത്ത് വരുന്നത്.

ജില്ലയില്‍ തന്നെ മറ്റ് സ്‌കൂളുകളില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥികളെയാണ് സ്‌കൂളിലെ രജിസ്റ്ററില്‍ പേര് ചേര്‍ത്തിട്ടുള്ളത്. എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ ഈ സ്‌കൂളിന്റെ രജിസ്റ്ററില്‍ ചേര്‍ത്തിരുന്നു. ഇതുവഴി ഒരു ഡിവിഷന്‍ വര്‍ധിപ്പിച്ച് അധ്യാപക നിയമനവും നടത്തി. കുട്ടികളുടെ ആധാര്‍ നമ്പര്‍ വഴി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് തെളിഞ്ഞത്. പെരുവെമ്പ് സ്‌കൂളിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ലഭിക്കുന്ന സൂചന.

പെരുവെമ്പ് സ്‌കൂളില്‍ ഇല്ലാത്ത കുട്ടികളുടെ പേര് ചേര്‍ത്ത് ഡിവിഷന്‍ വര്‍ധിപ്പിക്കുന്നതായി 2015 ല്‍ വിജിലന്‍സ് ദ്രുത പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ തുടരന്വേഷണമുണ്ടായില്ല. ഇതിനിടെയാണ് തട്ടിപ്പുകള്‍ തുടരുന്നത്.