LiveTV

Live

Kerala

എസ്‍സി, എസ്‍ടി കമ്മീഷന്‍ ചെയര്‍മാനായി മാവോജിയുടെ നിയമനം വിവാദത്തില്‍

എസ്‍സി, എസ്‍ടി കമ്മീഷന്‍ ചെയര്‍മാനായി മാവോജിയുടെ നിയമനം വിവാദത്തില്‍
Summary
മാവോജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് പട്ടിക ജാതി കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

മുന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ ബിഎസ് മാവോജിയെ പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കുന്നത് വിവാദത്തില്‍. മാവോജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് പട്ടിക ജാതി കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികളെ മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശത്തില്‍ നിന്ന് തടഞ്ഞെന്ന ആരോപണത്തിലായിരുന്നു നടപടി. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ദലിത് സംഘടനകള്‍.

എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയ പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം ജാതി പരിശോധന നടത്താനെന്ന പേരില്‍ തടഞ്ഞുവെച്ചതായിരുന്നു ആരോപണവിധേയമായ സംഭവം. ബിഎസ് മാവോജി എന്‍ട്രസ് കമ്മീഷണറായിരുന്ന വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ പ്രൊഫഷണല്‍ കോഴ്സ് അവസരം നഷ്ടമായി. ഇത് സംബന്ധിച്ച് ദലിത് പ്രവര്‍ത്തകര്‍ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷനില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് കമ്മീഷന്‍ അന്വേഷണം നടത്തി. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന്‍ എന്‍ട്രസ് കമ്മീഷണറായിരുന്ന മാവോജി, കിര്‍ത്താഡ്സ് അധികൃതര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് 2013 ഏപ്രില്‍ 30 ന് ഉത്തരവിട്ടു. ഇതിനെതിരെ മാവോജി കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയെങ്കിലും കേസില്‍ അന്തിമ വിധി വന്നിട്ടില്ല.

ഇതിനിടെയാണ് പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍ ചെയര്‍മാനായി മാവോജിയെ തന്നെ നിയമിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായത്. ഒരു കമ്മീഷന്‍ കുറ്റക്കാരനായി കണ്ട ഉദ്യോഗസ്ഥനെ ആ കമ്മീഷന്റെ തന്നെ തലവനായി നിയമിക്കുന്ന അസ്വാഭാവിക നടപടിക്കെതിരെ ശക്തമായ വിമര്‍ശമാണ് ഉയരുന്നത്. മാവോജിയെ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ ആക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ദലിത് സംഘടനകളുടെ തീരുമാനം.