LiveTV

Live

Kerala

'ഗെയില്‍ വിരുദ്ധതക്ക് പിന്നില്‍ ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃതബോധം പേറുന്ന മുസ്‍ലിം തീവ്രവാദികളെന്ന് സിപിഎം'; വിവാദം കത്തുന്നു

'ഗെയില്‍ വിരുദ്ധതക്ക് പിന്നില്‍ ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃതബോധം പേറുന്ന മുസ്‍ലിം തീവ്രവാദികളെന്ന് സിപിഎം'; വിവാദം കത്തുന്നു
Summary
ഗെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്താനുള്ള സിപിഎമ്മിന്റെ വിവാദ പ്രസ്താവന ജനരോക്ഷം ഇരട്ടിയാക്കുന്നു.

ഗെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്താനുള്ള സിപിഎമ്മിന്റെ വിവാദ പ്രസ്താവന ജനരോഷം ഇരട്ടിയാക്കുന്നു. പ്രമുഖ പാര്‍ട്ടികളുടെ നേതൃത്വത്തിലല്ലാത്ത പ്രതിഷേധങ്ങളെയും സമരങ്ങളെയും വിലകുറച്ച് പുച്ഛിക്കുന്ന സിപിഎം ധാര്‍ഷ്ട്യത്തിനെതിരെയാണ് ജനരോഷം ഇരമ്പുന്നത്. ഏഴാം നൂറ്റാണ്ടിന്‍റെ പ്രാകൃതബോധം പേറുന്ന മുസ്‍ലിം തീവ്രവാദികളാണ് ജനങ്ങളെ പദ്ധതിക്കെതിരെ ഇളക്കി വിടുന്നതെന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയാണ് പാര്‍ട്ടിയെ വിവാദത്തിലാക്കിയിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് ജനിച്ചതും ഇസ്‍ലാമിക പ്രബോധനം നടത്തിയതുമായ കാലഘട്ടമാണ് ഏഴാം നൂറ്റാണ്ട്.

'ഗെയില്‍ വിരുദ്ധതക്ക് പിന്നില്‍ ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃതബോധം പേറുന്ന മുസ്‍ലിം തീവ്രവാദികളെന്ന് സിപിഎം'; വിവാദം കത്തുന്നു

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ജീവനക്കാരെ പ്രതിഷേധക്കാര്‍ തടഞ്ഞതോടെയാണ് പ്രക്ഷോഭം അക്രമാസക്തമാകുന്നത്. മുന്നറിയിപ്പുകളൊന്നുമില്ലാതെ പൊലീസ് ജനക്കൂട്ടത്തിന് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇതോടെയാണ് പ്രതിഷേധക്കാര്‍ പൊലീസ് നേരെ കല്ലേറ് നടത്തിയത്. ഏതായാലും ഗെയില്‍ വിരുദ്ധ സമരത്തെ മതവുമായി കൂട്ടിക്കെട്ടി പ്രതിരോധിക്കാനുള്ള സിപിഎം സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. മുമ്പ് പുതുവൈപ്പിനിലും ബഹുജനപ്രക്ഷോഭത്തെ തീവ്രവാദവുമായി കൂട്ടിക്കെട്ടാനായിരുന്നു പൊലീസിനും ആഭ്യന്തര വകുപ്പിനും താല്‍പര്യം. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന ഇടത്തൊക്കെ സംഘ്‍പരിവാര്‍ തന്ത്രങ്ങളോട് സാമ്യമുള്ള രീതികള്‍ അവലംബിക്കുകയാണ് ഭരണനേതൃത്വം. എന്നാല്‍ ഉത്തരേന്ത്യയില്‍ സംഘ്‍പരിവാര്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രങ്ങള്‍ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ സിപിഎം വിന്യസിച്ചാല്‍ വിലപ്പോകില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് യാതൊരു മടിയും കൂടാതെ വിളിക്കുന്ന സിപിഎം രീതിയാണ് ഫാഷിസമെന്നും നിരീക്ഷകര്‍ പറയുന്നു.

നിർദിഷ്ട കൊച്ചി- ബംഗളൂരു വാതകക്കുഴൽ പദ്ധതിക്കെതിരെ മുക്കം എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘർഷമുണ്ടാക്കിയത് മലപ്പുറം ജില്ലയിൽ നിന്നുവന്ന എസ്ഡിപിഐ, പോപുലർഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വർഗീയ തീവ്രവാദി സംഘങ്ങളാണെന്നാണ് സിപിഎം ആരോപിച്ചത്. ഗെയിലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തിൽ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിനു പകരം കോൺഗ്രസ്- ലീഗ് നേതാക്കള്‍ തീവ്രവാദികളോടൊപ്പം മുക്കം പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനെത്തിയെന്നും സിപിഎം കുറ്റപ്പെടുത്തിയിരുന്നു. പ്രതിഷേധത്തിന് വര്‍ഗീയ നിറം നല്‍കാന്‍ സംഘര്‍ഷമുണ്ടായ സ്ഥലത്ത് പരസ്യമായി നമസ്കാരം നടത്തുകയും ഇക്കൂട്ടര്‍ ചെയ്തുവെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ ഒട്ടേറെ വമ്പന്‍ വാതക പദ്ധതികളുണ്ട്. എന്നാല്‍ ഇവിടെ ചില തീവ്രവാദികള്‍ വാതക പദ്ധതിയെ എതിര്‍ക്കാന്‍ മതത്തെ ദുരുപയോഗം ചെയ്യുകയാണെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. എന്നാല്‍ പ്രവാചകന്‍ മുഹമ്മദിന്റെ കാലഘട്ടത്തെ പ്രാകൃതമെന്ന് ആക്ഷേപിച്ച് മുഴുവന്‍ മുസ്‍ലിംകളെയും അപമാനിക്കാനാണ് കുഞ്ഞിക്കണ്ണന്‍ ശ്രമിച്ചിരിക്കുന്നതെന്ന് എസ്‍ഡിപിഐ പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.

'സംഘപരിവാര്‍ ഇടങ്ങളിലെ ആയുധമാണ് സിപിഎം ഉപയോഗിക്കുന്നത്. തീവ്രവാദികളെന്ന് വിളിച്ച് ഒരു താല്‍ക്കാലിക പരിഹാരത്തിന് സാധ്യത തേടുകയാണ് പാര്‍ട്ടി ചെയ്യുന്നത്. ഇതുപക്ഷേ സിപിഎമ്മിന് ദോഷം ചെയ്യുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.