LiveTV

Live

Kerala

മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് 17ന് പൂട്ടും

മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് 17ന് പൂട്ടും
Summary
നവംബര്‍ 20 മുതല്‍ മലപ്പുറം ജില്ലക്കാര്‍ക്ക് കോഴിക്കോട് പാസ്പോര്‍ട് ഓഫീസിനെ ആശ്രയിക്കേണ്ടിവരും. 

മലപ്പുറം റിജയണല്‍ പാസ്പോര്‍ട് ഓഫീസിന് പൂട്ടുവീഴാന്‍ ഇനി 17 ദിനങ്ങള്‍. നവംബര്‍ 20 മുതല്‍ മലപ്പുറം ജില്ലക്കാര്‍ക്ക് കോഴിക്കോട് പാസ്പോര്‍ട് ഓഫീസിനെ ആശ്രയിക്കേണ്ടിവരും. പാസ്പോര്‍ട് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ മുസ്ലിം ലീഗിന്‍റ സോഷ്യല്‍ മീഡിയാ കാംപയിന്‍ നടക്കുന്നുണ്ട്.

2006ല്‍ തുടങ്ങിയ മലപ്പുറം റിജയണല്‍ പാസ്പോര്‍ട് ഓഫീസ് അടച്ചുപൂട്ടുന്നത് ചെലവു ചുരുക്കലിന്‍റെ ഭാഗമായാണ്. അടിയന്തര സ്വഭാവമുള്ളതും നിയമ പ്രശ്നങ്ങളുള്ളതുമായ പാസ്പോര്‍ട് അപേക്ഷകള്‍ ഈ ഓഫീസാണ് കൈകാര്യം ചെയ്യുന്നത്. പാസ്പോര്‍ടുകളുടെ അച്ചടി, വിതരണം എന്നിവയും ഈ ഓഫീസിന്‍റെ നിയന്ത്രണത്തിലാണ്. നവംബര്‍ 17 ന് ഈ ഓഫീസിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കും.

വര്‍ഷത്തില്‍ രണ്ട് ലക്ഷം പാസ്പോര്‍ട് വിതരണം ചെയ്യുന്ന ഓഫീസ് അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എം പി വിദേശകാര്യമന്ത്രിക്ക് കത്തയച്ചിരുന്നു. തീരുമാനവുമായി മുന്നോട്ടു പോകുമെന്ന മറുപടിയാണ് ലഭിച്ചത്. പാസ്പോര്‍ട് ഓഫീസ് മാറ്റിയാലും പാസ്പോര്‍ട് സേവാകേന്ദ്രം മലപ്പുറത്ത് തുടരും. പാസ്പോര്‍ട് ഓഫീസ് മലപ്പുറത്ത് നിലനിര്‍ത്താനായി മുസ്ലിം ലീഗിന്‍റെ നേതൃത്വത്തില്‍ സോഷ്യല്‍മീഡിയാ കാംപയിന്‍ നടക്കുന്നുണ്ട്.

ഏറ്റവുമധികം പ്രവാസി ജനസംഖ്യയുള്ള മലപ്പുറത്ത് നിന്ന് പാസ്പോര്‍ട് ഓഫീസ് മാറ്റുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ വകവെക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുന്നത്.