LiveTV

Live

Kerala

പെരിന്തല്‍മണ്ണയിലെ മിശ്ര വിവാഹം; മഹല്ല് കമ്മിറ്റിയുടെ നടപടി വിവാദമാകുന്നു

പെരിന്തല്‍മണ്ണയിലെ  മിശ്ര വിവാഹം; മഹല്ല് കമ്മിറ്റിയുടെ നടപടി വിവാദമാകുന്നു
Summary
ജനാധിപത്യ മഹളാ അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും സിപിഎം മഞ്ചേരി ഏരിയാ കമ്മിറ്റി അംഗവുമായ നജുമാ യൂസുഫിന്‍റെ മകള്‍ ജസീലയുടെ വിവാഹമാണ് വിവാദമായത്.

സിപിഎം ജില്ലാ നേതാവ് മകളെ മിശ്ര വിവാഹം ചെയ്ത് നല്‍കിയതിനെതിരെ മഹല്ല് കമ്മിറ്റി നിസ്സഹകരണം പ്രഖ്യാപിച്ച നടപടി വിവാദമാകുന്നു.ജനാധിപത്യ മഹളാ അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും സിപിഎം മഞ്ചേരി ഏരിയാ കമ്മിറ്റി അംഗവുമായ നജുമാ യൂസുഫിന്‍റെ മകള്‍ ജസീലയുടെ വിവാഹമാണ് വിവാദമായത്.
ജസീലയും നിലമ്പൂര്‍ സ്വദേശി ടിസോ ടോമും തമ്മിലുള്ള വിവാഹം ഇരു കുടുംബങ്ങളുടെയും അനുമതിയോടെയാണ് നടന്നത്.

പെരിന്തല്‍മണ്ണയിലെ  മിശ്ര വിവാഹം; മഹല്ല് കമ്മിറ്റിയുടെ നടപടി വിവാദമാകുന്നു

പാണ്ടിക്കാട്ടെ ഒരു ഓഡിറ്റോറിയത്തില്‍ നിരവധി പേരെ ക്ഷണിച്ച് വിവാഹം നടത്താന്‍ ജസീലയുടെ പിതാവ് യൂസുഫും മാതാവ് നജുമ യൂസുഫും തീരുമാനിച്ചയുടെന്‍ മഹല്ല് കമ്മിറ്റി ഇടപെട്ടിരുന്നു. മിശ്ര വിവാഹം രക്ഷിതാക്കളുടെ പിന്തുണയോടെ നടത്തിയാല്‍ കുടുംബവുമായി മഹല്ല് കമ്മിറ്റി നിസ്സഹകരിക്കുമെന്നായിരുന്നു ഭീഷണി. ഇത് വകവെക്കാതെ കുടുംബം മുന്നോട്ടു പോയി. ഇതേ തുടര്‍ന്നാണ് യൂസുഫിന്‍റെയും നജുമ യൂസുഫിന്‍റെയും കുടുംബവുമായി മത കാര്യങ്ങളില്‍ സഹകരിക്കില്ലെന്ന് മഹല്ല് കമ്മിറ്റി നോട്ടീസ് ഇറക്കിയത്.

കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഈ കുടുംബത്തില്‍ നിന്ന് മഹല്ല് സംഭാവന സ്വീകരിക്കില്ല. വിവാഹം അടക്കമുള്ള കാര്യങ്ങളില്‍ മതപരമായ ഒരു സഹകരണവും ഭാവിയില്‍ ഉണ്ടാകില്ല.മഹല്ലിന്‍റെ നടപടി ഊരുവിലക്കാണെന്ന ആരോപണം കമ്മിറ്റി ഭാരവാഹി തള്ളി. ജസീലയുടെ വിവാഹം തടയാനോ , അവരുടെ കുടുംബത്തിന് ഏതെങ്കിലും അവകാശങ്ങള്‍ നിഷേധിക്കാനോ നിയമവിരുദ്ധമായ ഒരു ഇടപെടലും കമ്മിറ്റി നടത്തിയിട്ടില്ല. നടത്തുകയുമില്ല. ഇസ്ലാമിക വിശ്വാസവും മഹല്ലിന്‍റെ വ്യവസ്ഥയും അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ കമ്മിറ്റിയുടെ സേവനം ആവശ്യമുള്ളൂ. മതപരമായ മൂല്യങ്ങളില്‍ താല്‍പര്യമില്ലാത്ത ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം മഹല്ല് പ്രസക്തമേയല്ലെന്നും അവര്‍ക്ക് ആവശ്യമില്ലാത്ത ഒരു ബന്ധം മഹല്ല് തുടരേണ്ടതില്ലെന്ന് മാത്രമാണ് തീരുമാനിച്ചിട്ടുള്ളതെന്നും കമ്മിറ്റി ഭാരവാഹി വ്യക്തമാക്കി.

എന്നാല്‍ കമ്മിറ്റിയുടെ നടപടി വ്യക്തി സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതാണെന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശം നടക്കുന്നുണ്ട്. മിശ്ര വിവാഹം ചെയ്യുന്നവരോടുള്ള മഹല്ലുകളുടെ സമീപനത്തില്‍ മാറ്റം വേണമെന്ന രീതിയിലും അഭിപ്രായങ്ങളുയര്‍ന്നിട്ടുണ്ട്. സമസ്തയുടെ നിയന്ത്രണത്തിലുള്ള കൊണ്ടിപ്പറന്പ് മഹല്ലില്‍ 400 കുടുംബങ്ങളാണ് ഉള്ളത്.