LiveTV

Live

Kerala

രാജീവിന്റെ വീട്ടില്‍ ഉദയഭാനു എത്തിയ ദൃശ്യങ്ങള്‍ മീഡിയവണിന്

രാജീവിന്റെ വീട്ടില്‍ ഉദയഭാനു എത്തിയ ദൃശ്യങ്ങള്‍ മീഡിയവണിന്
Summary
രാജീവിന്റെ കൊലപാതകത്തില്‍ ഉദയഭാനുവിന് പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു.

ചാലക്കുടിയില്‍ കൊല്ലപ്പെട്ട രാജീവിന്റെ വീട്ടിൽ അഭിഭാഷകനായ സി.പി ഉദയഭാനു പല തവണ എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. കേസിൽ ആരോപണ വിധേയനായ ഉദയഭാനുവിന് രാജീവുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്നതാണ് ദൃശ്യങ്ങൾ. ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ‌ഇടനിലക്കാന്‍ രാജീവിന്റെ കൊലപാകവുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ സി പി ഉദയഭാനുവിനെതിരെ വീട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു. പിടിയിലായ പ്രതികളുടെ മൊഴികളിലും ഉദയഭാനുവിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തത്.

ഉദയഭാനു രാജീവിന്റെ നെടുമ്പാശേരിയിലെ വീട്ടിൽ പല തവണ വന്നിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ സി.സി ടി.വി ദൃശ്യങ്ങൾ. ഉദയഭാനു രാജീവുമായി സംസാരിക്കുന്നതും ചില രേഖകൾ തയ്യാറാക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഉദയഭാനുവിനെ കാണാന്‍ ഒരു പൊലീസ് ജീപ്പ് എത്തുന്നതായും ദൃശ്യങ്ങളിലുണ്ട്. രാജീവിന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലെ ഒരുവര്‍ഷത്തെ ദൃശ്യങ്ങളാണ് കിട്ടിയത്. എന്നാല്‍ മുതിർന്ന അഭിഭാഷകൻ ഹർജിക്കാരന്റെ വീട്ടിൽ പലതവണ പോകുന്നത് സ്വാഭാവികമല്ലെന്ന് പോലീസ് കരുതുന്നു. രാജീവുമായി റിയല്‍ എസ്റ്റേസ്റ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നതായി ഉദയഭാനു തന്നെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.

എന്നാല്‍ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് രാജീവ് പരാതി നല്‍കിയശേഷവും ഉദയഭാനു വീട്ടിലെത്തിയോ എന്ന കാര്യം സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്താനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.