LiveTV

Live

Kerala

കിനാലൂര്‍ ഭൂമികൈമാറ്റം: 17 പേരെ പ്രതികളാക്കാന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്

കിനാലൂര്‍ ഭൂമികൈമാറ്റം: 17 പേരെ പ്രതികളാക്കാന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്
Summary
കിനാലൂര്‍ ഭൂമികൈമാറ്റ കേസില്‍ കോഴിക്കോട് മുന്‍ ജില്ലാ കലക്ടറടക്കം 17 പേരെ പ്രതികളാക്കാന്‍ വിജിലന്‍സ് കോടതി നിര്‍‌ദ്ദേശം.

കോഴിക്കോട് കിനാലൂര്‍ എസ്‌റ്റേറ്റിലെ ഭൂമി മുറിച്ചു വില്‍ക്കുന്നതിനെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കാന്‍ കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടു. കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍, ലേബര്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെ പതിനേഴു പേരെ പ്രതികളാക്കി കേസെടുക്കാനാണ് കോടതി ഉത്തരവ്.

കിനാലൂരില്‍ കൊച്ചിന്‍ മലബാര്‍ എസ്‌റ്റേറ്റിനു പാട്ടത്തിനു നല്‍കിയ 2800 ഏക്കര്‍ ഭൂമി മുറിച്ചുവിറ്റത് ചട്ടം ലംഘിച്ചാണെന്നാരോപിച്ച് നല്‍കിയ ഹരജിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. അഡ്വ. പിടിഎസ് ഉണ്ണിയാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്.

ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന കിനാലൂര്‍ എസ്‌റ്റേറ്റ് രാജ്യം സ്വതന്ത്രമായ ശേഷം കൊച്ചിന്‍ മലബാര്‍ എസ്‌റ്റേറ്റിനു പാട്ടത്തിന് നല്‍കി. എന്നാല്‍ കമ്പനി നഷ്ടത്തിലാണെന്ന് പറഞ്ഞ് ഉല്‍പാദനം നിര്‍ത്തിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സമരത്തിനിറങ്ങി. നഷ്ടപരിഹാരം എന്ന നിലക്കാണ് 5 ഏക്കര്‍ വീതം 400 പേര്‍ക്ക് മുറിച്ചു നല്‍കാന്‍ ഒത്തുതീര്‍പ്പായത്. ഭൂപരിഷ്‌കരണ നിയമപ്രകാരം പാട്ടഭൂമി മുറിച്ചു വില്‍ക്കാന്‍ കഴിയില്ലെന്ന ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു.

കോഴിക്കോട് ജില്ലാ മുന്‍ കലക്ടര്‍ സിഎ ലത, സംസ്ഥാന ലേബര്‍ വകുപ്പ് സെക്രട്ടറി, കൊയിലാണ്ടി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങി പതിനേഴു ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കാനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. മൂന്നു വര്‍ഷം മുമ്പാണ് 400 ഏക്കര്‍ഭൂമി മുറിച്ചു വിറ്റത്. ഭൂമി ഇടപാടില്‍ അഴിമതിയുണ്ടെന്നും ഇതിന് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കൂട്ടുനിന്നു എന്നുമാണ് ഹരജിക്കാരന്റെ ആരോപണം.