LiveTV

Live

Kerala

ദിലീപിനെ ന്യായീകരിച്ച് സെബാസ്റ്റ്യന്‍ പോള്‍: സോഷ്യല്‍ മീഡിയയില്‍ വിമര്‍ശം  

ദിലീപിനെ ന്യായീകരിച്ച് സെബാസ്റ്റ്യന്‍ പോള്‍: സോഷ്യല്‍ മീഡിയയില്‍ വിമര്‍ശം  
Summary
സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം എന്ന തലക്കെട്ടിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം

കൊച്ചിയില്‍ നടിയെ ആക്രമിച്ചകേസിലെ ഗൂഢാലോചനാകുറ്റത്തിന് അറസ്റ്റിലായ ദിലീപിനെ ന്യായീകരിച്ച് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തിനെതിരെ വിമര്‍ശമുയരുന്നു. അദ്ദേഹം എഡിറ്റര്‍ ഇന്‍ചീഫായ സൗത്ത്‌ലൈവിലെഴുതിയ ലേഖനത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ ന്യായീകരണം. സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം എന്ന തലക്കെട്ടിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം. അബ്ദുനാസര്‍ മഅ്ദനിയുമായും പരപ്പനങ്ങാടിയിലെ സക്കറിയയുമായും ദിലീപിനെ താരതമ്യം ചെയ്യുന്നുണ്ട്. നാട്ടില്‍ വിചാരണകൂടാതെ തടവില്‍ കഴിയുന്നവരെ യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നതിന് തുല്യമായിപ്പോയി സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനമെന്നാണ് പ്രധാന വിമര്‍ശം. ദിലീപിന് വേണ്ടി പണിയെടുക്കുന്ന പിആര്‍ മാര്‍ക്കറ്റിന്റെ ഭാഗമാണിതെന്നും ചിലര്‍ ഉന്നയിക്കുന്നു.

ദിലീപിനെ ന്യായീകരിച്ച് സെബാസ്റ്റ്യന്‍ പോള്‍: സോഷ്യല്‍ മീഡിയയില്‍ വിമര്‍ശം  

മഅ്ദനിക്ക് വേണ്ടി ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം എന്ന പേരില്‍ സംഘടനയുണ്ടാക്കിയിരുന്നു. എന്നാല്‍ ദിലീപിന് വേണ്ടി സംഘടനയുണ്ടാക്കുന്നില്ലെന്നും കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുന്ന പൊലീസിനെ നിയന്ത്രിക്കുന്നതിന് അത്തരത്തില്‍ സംസാരം ആവശ്യമുണ്ടെന്നും അപ്രകാരം സംസാരിക്കുന്ന സുമനസുകള്‍ക്കൊപ്പം ഞാനും ചേരുന്നുവെന്നാണ് സെബാസ്റ്റ്യന്‍ പോള്‍ ലേഖനത്തില്‍ പറയുന്നത്. പൊലീസിന്റെ ഇടപെടലിനെ സംശയത്തോടെയാണ് സെബാസ്റ്റ്യന്‍ പോള്‍ കാണുന്നത്. ജാമ്യത്തിനുള്ള നീക്കം ഓരോ തവണയുണ്ടാകുമ്പോഴും കോടതിയുടെ മനസ് പ്രതികൂലമാക്കുന്നതിന് പൊലീസ് ഓരോ കഥയിറക്കുമെന്നും നടനെതിരെ പ്രതികൂല തരംഗം സൃഷ്ടിക്കുന്നതിന് മാധ്യമങ്ങളെ നന്നായി പൊലീസ് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞ മഞ്ജുവാര്യറുടെ പ്രസ്താവനെയേയും സെബാസ്റ്റ്യന്‍ പോള്‍ ചോദ്യം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞിട്ടും ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. എന്നാല്‍ അതിന്റെ കാരണം മഞ്ജു വെളിപ്പെടുത്തിയിട്ടില്ല. എഡിജിപി സന്ധ്യയോട് പറഞ്ഞിട്ടുണ്ടാവാം. ദിലീപിന്റെയും മഞ്ജുവിന്റെയും ദാമ്പത്യജീവിതം കലുഷമായതിന്റെ ഉത്തരവാദി എന്ന നിലയിലാണ് നടിയോട് ദിലീപിന് വിദ്വേഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മഞ്ജു അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നും സെബാസ്റ്റ്യന്‍ പോള്‍ ചോദിക്കുന്നു.

ദിലീപിന് വേണ്ടി അനുകൂല തരംഗമുണ്ടാക്കുന്നതിന് പി.ആര്‍ ഏജന്‍സികള്‍ പണിയെടുക്കുന്നുവെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ രൂപത്തില്‍ വരെ ഇത്തരം വര്‍ക്കുകള്‍ പ്രകടമായിരുന്നു. ദിലിപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വിമര്‍ശനം കനക്കുന്നതിനിടയിലായിരുന്നു ഇത്തരത്തില്‍ ദിലീപ് അനുകൂല പോസ്റ്റുകള്‍ വ്യാപകമായത്. ഇക്കാര്യം കോടതിയുടെ മുന്നിലെത്തുകയും ചെയ്തിരുന്നു.