LiveTV

Live

Kerala

മുരുകന് ചികിത്സ നിഷേധിച്ചതല്ലെന്ന് മെഡിക്കല്‍ കോളേജ്

മുരുകന് ചികിത്സ നിഷേധിച്ചതല്ലെന്ന് മെഡിക്കല്‍ കോളേജ്
Summary
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആംബുലന്‍സില്‍ എത്തി പരിശോധിച്ചിരുന്നു. വെന്റിലേറ്റര്‍ സൌകര്യമുള്ള ആംബുലന്‍സിലാണ് മുരുകന്‍ കിടന്നിരുന്നത്. അതുകൊണ്ടാണ് ഉടനെ ആശുപത്രിയിലേക്ക് മാറ്റാതിരുന്നത്. ആശുപത്രിയില്‍..

മുരുകന് ചികിത്സ നിഷേധിച്ചതല്ലെന്ന് വിശദീകരിച്ച് ‌തിരുവനന്തപുരം മെഡിക്കല്‍ കോളജിന്‍റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. വെന്‍റിലേറ്റർ ഒഴിവില്ലായിരുന്നുവെന്നും മുരുകനെ ആംബുലൻസിൽ വെച്ച് പരിശോധിച്ച ഡോക്ടർ അഡ്മിറ്റ് ചെയ്താൽ പകരം സംവിധാനം ഒരുക്കാമെന്ന് അറിയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. മുഴുവൻ വെൻറിലേറ്ററിലും ഉണ്ടായിരുന്ന രോഗികളുടെ വിവരങ്ങൾ സഹിതമാണ് റിപ്പോർട്ട്.

തമിഴ്നാട് സ്വദേശി മുരുകന് ചികിൽസ നല്‍കാനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെൻറിലേറ്റർ ഒഴിവില്ലായിരുന്നു എന്നാണ് ആശുപത്രിയിലെ ഡെപ്യൂട്ടി സുപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട്. അടിയന്തിര ശസ്ത്രക്രിയ നടക്കുന്ന രോഗികൾക്കായി രണ്ട് വെൻറിലേറ്ററുകൾ കരുതിയിരുന്നു, അവ മറ്റൊരു രോഗിക്ക് നൽകാവുന്ന സാഹര്യമായിരുന്നില്ല. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ ആംബുലൻസിലെത്തി മുരുകനെ പരിശോധിച്ചിരുന്നു. ആംബുലൻസിൽ വെന്റിലേറ്ററുണ്ടായിരുന്നതിനാലാണ് ആശുപത്രിയിലേക്ക് മാറ്റാതിരുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ തൽക്കാലം പകരം സംവിധാനം ഒരുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും മുരുകനെ കൊണ്ടുവന്നവരുടെ മറുപടി ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. സംഭവത്തിൽ അന്വേഷണം നടത്തുന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിക്ക് റിപ്പോർട്ട് കൈമാറി. സംഭവസമയത്ത് വെന്‍റിലേറ്ററിലുണ്ടായിരുന്ന രോഗികളുടെ വിവരങ്ങളും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. വീഴ്ചയുണ്ടായോ എന്ന് ഡി.എച്ച്.എസ്സിന് പരിശോധിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡെപ്യൂട്ടി സൂപ്രണ്ട് ജോബി ജോൺ മെഡിസിൻ, സർജറി, അനസ്തേഷ്യ വിഭാഗം മേധാവിമാർ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.‌