LiveTV

Live

Kerala

മെഡിക്കല്‍ കോഴ: വിവി രാജേഷിനെതിരെ നടപടി

മെഡിക്കല്‍ കോഴ: വിവി രാജേഷിനെതിരെ നടപടി
Summary
ബിജെപി നേതാക്കളായ വി മുരളീധരന്‍ കെപി ശ്രീശന്‍, എകെ നസീര്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും...

മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപിയില്‍ അച്ചടക്ക നടപടി. സംസ്ഥാന സെക്രട്ടറി വി വി രാജേഷിനെ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റി. പ്രമുഖ നേതാക്കളായ വി മുരളിധരന്‍, പി കെ കൃഷ്ണദാസ് അന്വേഷണ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും

മെഡിക്കല്‍ കൌണ്‍സില്‍ അംഗീകാരം നേടുന്നതിനായി കോളജ് ഉടമയില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ട്ടി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനാണ് സംസ്ഥാന സെക്രട്ടറി വി വി രാജേഷിനെതിരെ നടപടി. ബിജെപിക്ക് ഏറെ ക്ഷീണമുണ്ടാക്കിയ കോഴ വാര്‍ത്ത പുറത്തുവന്നതില്‍ ദേശീയ എക്സിക്യുട്ടീവ് അംഗമായ വി മുരളീധരനും പങ്കുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തമിഴ്നാടിന്റെ ചുമതല നല്‍കി കോര്‍ കമ്മിറ്റിയംഗം കൂടിയായ വി മുരളീധരനെ കേരളത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് തീരുമാനം.

പാര്‍ട്ടിയിലെ വിഭാഗീയതയില്‍ മുരളീധരന്റെ എതിര്‍ചേരിയിലുളള പി കെ കൃഷ്ണദാസിനെയും മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയിലേക്ക് മാറ്റും. അന്വേഷണ കമ്മിഷന്‍ അംഗങ്ങളായ കെ പി ശ്രീശന്‍, എ കെ നസീര്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും. വ്യാജ രസീതുണ്ടാക്കി പിരിവു നടത്തിയെന്ന ആരോപണത്തില്‍ യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കൃഷ്ണയെയും സംഘടനാ ചുമതലകളില്‍ നിന്ന് നീക്കി.

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാല്‍ ആരോപണ വിധേയരായ എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവരെ വെറുതെ വിട്ട് വാര്‍ത്ത പുറത്തുവിട്ടവര്‍ക്കെതിരെ നടപടി സ്വീകരിച്ചത് പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്.