LiveTV

Live

Kerala

കോട്ടയത്ത് സിപിഎം - ബിജെപി സംഘര്‍ഷം തുടരുന്നു

കോട്ടയത്ത് സിപിഎം - ബിജെപി സംഘര്‍ഷം തുടരുന്നു
Summary
ഇന്ന് പുലര്‍ച്ചെ സിഐടിയു ജില്ല കമ്മിറ്റി ഓഫീസ് ഒരു സംഘം ആളുകള്‍ അടിച്ച് തകര്‍ത്തു

കോട്ടയത്ത് സിപിഎം - ബിജെപി ഓഫീസുകള്‍ക്ക് നേരെ അക്രമം. ഇന്ന് പുലര്‍ച്ചെ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് ഒരു സംഘം ആളുകള്‍ അടിച്ച് തകര്‍ത്തു. ആര്‍എസ്എസ് ഓഫീസിന് നേരെയും കല്ലേറുണ്ടായി.
ഇരുവിഭാഗത്തില്‍ പെട്ടവരുടേയും വീടുകള്‍ക്ക് നേരെയും അക്രമം ഉണ്ടായി.

ഇന്നലത്തെ ബിജെപി ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് ജില്ലയില്‍ ഉണ്ടായത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അടക്കം അക്രമം നേരിടേണ്ടി വന്ന ഹര്‍ത്താലില്‍ സിഐടിയു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ഓഫീസിന് നേരെയും കല്ലേറുണ്ടായി. ഇതിന്‍റെ തുടര്‍ച്ചയായി പലയിടങ്ങളിലും സിപിഎം, ബിജെപി കൊടിമരങ്ങള്‍ തകര്‍ക്കപ്പെട്ടു. വീടുകള്‍ക്ക് നേരെ ആക്രമണവും ഉണ്ടായി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് ഒരു കൂട്ടര്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. വാതിലുകളും ചില്ലുകളും ഓഫീസിനുള്ളിലെ കമ്പ്യൂട്ടര്‍ അടക്കമുള്ള വസ്തുക്കളും അടിച്ച് തകര്‍ത്തു. ഇതിന് പിന്നാലെ ആര്‍എസ്എസ് ഓഫീസിന് നേരെ കല്ലേറും ഉണ്ടായി. സംഭവത്തില്‍ ഇരുവിഭാഗവും പരസ്പരം ആരോപണം ഉന്നയിക്കുകയാണ്.

പൊലീസ് ബിജെപിക്കാര്‍ക്കെതിരെ മാത്രം നടപടിയെടുക്കുന്നുവെന്ന് ആരോപിച്ച് ബിജെപി കോട്ടയം എസ്പി ഓഫീസ് ഉപരോധിക്കാന്‍ തീരുമാനിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഇത് ഒഴിവാക്കി. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ എസ്പി ഇവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.