LiveTV

Live

Kerala

ആഘോഷങ്ങള്‍ക്ക് ഓലയലങ്കാരങ്ങളുമായി അനുരാജും സംഘവും

ആഘോഷങ്ങള്‍ക്ക് ഓലയലങ്കാരങ്ങളുമായി അനുരാജും സംഘവും
Summary
ലളിതമായ ഓലപ്പീപ്പി മുതല്‍ സങ്കീര്‍ണമായ തൊപ്പി വരെ ഉണ്ടാക്കുന്നതില്‍ വൈദഗ്ധ്യം നേടിയപ്പോള്‍ സിനിമയില്‍ ഉള്ളവര്‍ തന്നെയാണ് സുഹൃത്തുക്കളുടെ വീടുകളില്‍ അലങ്കാരപ്പണികള്‍ ചെയ്യാന്‍ അനുരാജിനെ നിര്‍ദേശിച്ചത്.

പണ്ടു കാലത്ത് വിവാഹപ്പന്തലുകളിലും മറ്റും അലങ്കാരങ്ങളായിരുന്ന കുരുത്തോലയും ഓലയലങ്കാരങ്ങളുമൊക്കെ പുതിയ കാലത്ത് നമ്മുടെ ആഘോഷപ്പന്തലുകളിലേക്ക് തിരിച്ചെത്തുന്നു. പുതിയ രൂപത്തിലും ഭാവത്തിലുമൊക്കെയാണ് തെങ്ങോല മാത്രം ഉപയോഗിച്ച് ഇക്കാലത്ത് വിവാഹപ്പന്തലുകളും വേദികളും ഒരുക്കുന്നത്. പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപേക്ഷിക്കാനുള്ള അവബോധവും ഓലയലങ്കാരങ്ങളുടെ മടങ്ങി വരവിന് വലിയ കാരണമായിട്ടുണ്ട് . ഇതിന്റെ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ് ഈ രംഗത്ത് വന്‍ വിജയം കൈവരിക്കുകയാണ് ആലപ്പുഴ പാതിരപ്പള്ളിയിലെ അനുരാജും സംഘവും.

പാതിരപ്പള്ളിയില്‍ വീടിനടുത്ത് ഉദയാസ്റ്റുഡിയോയില്‍ സിനിമയുടെ കലാ സംവിധാനവുമായി ബന്ധപ്പെട്ടുള്ള ജോലിയാണ് അനുരാജിനെ ഓല കൊണ്ട് കൗതുക വസ്തുക്കളുണ്ടാക്കുന്നതിലെത്തിച്ചത്. സിനിമയിലെ ആവശ്യങ്ങള്‍ക്കായി ഓലകൊണ്ടുള്ള കൗതുകവസ്തുക്കള്‍ ഉണ്ടാക്കിത്തുടങ്ങി. അതിന് ആവശ്യക്കാര്‍ കൂടി. കൂടുതല്‍ സങ്കീര്‍ണമായ ഓലത്തൊപ്പിയും മറ്റും സംവിധായകര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് അറിയാവുന്നരുടെ അടുത്ത് പോയി പഠിച്ചു. ലളിതമായ ഓലപ്പീപ്പി മുതല്‍ സങ്കീര്‍ണമായ തൊപ്പി വരെ ഉണ്ടാക്കുന്നതില്‍ വൈദഗ്ധ്യം നേടിയപ്പോള്‍ സിനിമയില്‍ ഉള്ളവര്‍ തന്നെയാണ് സുഹൃത്തുക്കളുടെ വീടുകളില്‍ അലങ്കാരപ്പണികള്‍ ചെയ്യാന്‍ അനുരാജിനെ നിര്‍ദേശിച്ചത്. ഇതോടെ ജ്യേഷ്ഠന്‍ അരുണ്‍ സുഹൃത്ത് അനില്‍കുമാര്‍ തുടങ്ങിയവരെ കൂട്ടി അനുരാജ് സംഘം വിപുലീകരിച്ച് കരാര്‍ അടിസ്ഥാനത്തില്‍ തന്നെ ഓലയലങ്കാരപ്പണികള്‍ ഏറ്റെടുക്കാനാരംഭിച്ചു.

സ്വാഗതകമാനം മുതല്‍ വിവാഹ വേദിയിലെ നിറപറവരെ ഓലകൊണ്ട് മനോഹരമായി നിര്‍മിച്ചാണ് ഇവര്‍ വേദികള്‍ ഒരുക്കുക. സാധാരണ കുട്ടികളുണ്ടാക്കുന്ന ഒലപ്പീപ്പിയും പക്ഷിയും മത്സ്യവും മുതല്‍ സങ്കീര്‍ണമായ അലങ്കാരപ്പണികള്‍ വരെ ഈ പന്തലുകളിലുണ്ടാവും. ആവശ്യമായ തെങ്ങോല ലഭ്യമായാല്‍പ്പിന്നെ ദിവസങ്ങള്‍ നീളുന്ന കലാപരമായ അധ്വാനമാണ് ഇതിനു പിറകിലുള്ള പ്രധാന മുടക്കു മുതല്‍.