LiveTV

Live

Kerala

സംവരണ വിരുദ്ധ പോസ്റ്റിന് ചുട്ട മറുപടിയുമായി വി ടി ബല്‍റാം

സംവരണ വിരുദ്ധ പോസ്റ്റിന് ചുട്ട മറുപടിയുമായി വി ടി ബല്‍റാം
Summary
സംവരണമുള്ളവര്‍ക്ക് എത്ര മാര്‍ക്ക് കുറഞ്ഞാലും സീറ്റ് കിട്ടുമെന്നും അഡ്മിഷന്‍ കിട്ടാത്തതിനാല്‍ കൃഷിചെയ്യാന്‍ പോകുകയാണെന്നുമുള്ള വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ബല്‍റാം എംഎല്‍എയുടെ മറുപടി

സംവരണമുള്ളവര്‍ക്ക് എത്ര മാര്‍ക്ക് കുറഞ്ഞാലും സീറ്റ് കിട്ടുമെന്നും പ്ലസ്ടുവിന് 79 ശതമാനം മാര്‍ക്കുണ്ടായിട്ടും കോളജില്‍ അഡ്മിഷന്‍ കിട്ടാത്തതിനാല്‍ കൃഷിചെയ്യാന്‍ പോകുകയാണെന്നുമുള്ള വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വി ടി ബല്‍റാം എംഎല്‍എയുടെ മറുപടി. ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരില്‍ സംവരണം ചെയ്തിട്ടൊന്നുമില്ലെന്നും താങ്കളുടെ സമുദായത്തിന് കേരള സമൂഹത്തില്‍ എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്‍റെ ഏതാണ്ട് മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക് ഇപ്പോഴും മാര്‍ക്ക് മാത്രം നോക്കിയാണ് അഡ്മിഷന്‍ നടത്തുന്നതെന്നും വി ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആ കൂട്ടത്തില്‍ താങ്കള്‍ക്ക് ഉള്‍പ്പെടാന്‍ കഴിയാതെ പോയത് താരതമ്യേന മാര്‍ക്ക് കുറവായത് കൊണ്ട് മാത്രമാണെന്നും അതായത് മെറിറ്റ് ഇല്ലാത്തത് കൊണ്ടാണെന്നും ബല്‍റാം വ്യക്തമാക്കി.

‘കാട് പിടിച്ച് കിടക്കുന്ന സ്വന്തം സ്ഥലം വൃത്തിയാക്കി വല്ല കൃഷിക്കും പോവാന്‍’ താങ്കള്‍ക്ക് കഴിയുന്നുണ്ട്. നമ്മുടെ നാട്ടിലെ കൃഷിഭൂമിയിലെ നല്ലൊരു പങ്കും കൃഷി ചെയ്യാതെ കാടുപിടിച്ച് കിടക്കുകയാണ്. ഏത് സമയത്തും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ താങ്കളുടെ മുന്നിലുള്ള ആ ചോയ്‌സ് ഈ നാട്ടിലെ മഹാഭൂരിപക്ഷം ആളുകള്‍ക്കുമില്ല. പ്രത്യേകിച്ച് താങ്കള്‍ പറഞ്ഞ ‘താഴ്ന്ന ജാതിയില്‍പ്പെട്ട കൂട്ടുകാര്‍ക്ക്’ ഇല്ല. ഇങ്ങനെ പലതരം പരിമിതികളേയും മുന്നില്‍ക്കണ്ട് അവര്‍ക്ക് നല്‍കുന്ന അധിക പരിരക്ഷയാണ് സംവരണം. അത് നല്‍കിയില്ലെങ്കില്‍ നിങ്ങളേപ്പോലെ എല്ലാം ഉള്ളവര്‍ മാത്രം വീണ്ടും വീണ്ടും അവസരങ്ങള്‍ കൊണ്ടുപോകും. അതാണ് നമ്മുടെ അനുഭവമെന്നും ബല്‍റാം ചൂണ്ടിക്കാട്ടി.

സംവരണം നല്‍കിയിട്ടും പല സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പല മേഖലകളിലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഉള്ള സംവരണം കൂടി എടുത്ത് മാറ്റിയാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാന്‍ കഴിയണം. കൃഷി മോശം ചോയ്‌സ് അല്ല. അതുകൊണ്ട് ധൈര്യമായി കാട് കിളച്ചോളൂ. താങ്കളിലൂടെ ഒരു നല്ല കര്‍ഷകനെ നാടിന് കിട്ടട്ടെയെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.