LiveTV

Live

Kerala

നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസ്; കൂടുതല്‍ അറസ്റ്റ് ഉടന്‍

നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസ്; കൂടുതല്‍ അറസ്റ്റ് ഉടന്‍
Summary
ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍ ഗൂഢാലോചന കേസ് നിലനില്‍ക്കണമെങ്കില്‍ ഒരു ദൃക്‌സാക്ഷി ആവശ്യവുമാണ്.

നടിയെ അക്രമിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. ദിലീപിന്റെ തെളിവെടുപ്പ് അവസാനിച്ചതോടൊപ്പം മൊഴിയെടുക്കലും പൂര്‍ത്തിയായിട്ടുണ്ട്. ഗൂഡാലോചനയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടാത്ത സാഹചര്യത്തില്‍ പ്രതികളെ സഹായിച്ച ചിലര്‍ ഉടന്‍ അറസ്റ്റിലായേക്കുമെന്ന് സൂചന.

ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇക്കാര്യം ഫോണ്‍രേഖകളുടെ അടിസ്ഥാനത്തിലും മറ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും പൊലീസിന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഗൂഡാലോചന കേസ് നിലനില്‍ക്കണമെങ്കില്‍ ഒരു ദൃക്‌സാക്ഷി ആവശ്യവുമാണ്. ആയതിനാല്‍ അപ്പുണ്ണി അടക്കമുള്ള ചിലരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. അപ്പുണ്ണിയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി മാപ്പുസാക്ഷിയാക്കാനാകും പൊലീസ് ശ്രമിക്കുക.

കൂടാതെ പള്‍സര്‍ സുനിയെ സഹായിച്ച ചിലരെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതില്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോ അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നുണ്ട്. ദീലീപിന്റെ തെളിവെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍ മറ്റുള്ളവരുടെ മൊഴികള്‍ രേഖപ്പെടുത്തുന്ന തിരക്കിലാണ് പൊലീസ്. കാവ്യ അടക്കമുള്ളവരെ ചോദ്യം ചെയ്തതായിട്ടാണ് സൂചന. ബാക്കിയുള്ളവരുടെ മൊഴികളിലെ വൈരുധ്യങ്ങള്‍ പഠിച്ചശേഷം ശാത്രീയ തെളിവുകള്‍ കൂടി ചേര്‍ത്ത് വെച്ചാകും അറസ്റ്റിലേക്ക് പൊലീസ് കടക്കുക. ദിലീപിനെ ഫോണില്‍ ബന്ധപ്പെട്ട ചിലര്‍ക്ക് കേസുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.