''യോഗത്തില്‍ പറയാതെ, പുറത്ത് വന്ന് പറഞ്ഞാല്‍ അമ്മയില്‍ നിന്ന് ഒറ്റപ്പെടില്ലേ?''

പറയാനുള്ളത് അമ്മയുടെ യോഗത്തില്‍ ജോയ്മാത്യു എന്തുകൊണ്ട് പറഞ്ഞില്ലെന്ന ചോദ്യമുയര്‍ത്തി ഭാഗ്യലക്ഷ്മി. നടിക്ക് നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ക്ക് കത്തയച്ച ജോയ് മാത്യു പിന്നെന്തുകൊണ്ട് ജനറല്‍ബോഡി യോഗത്തില്‍ നിശബ്ദത പാലിച്ചു എന്ന ചോദ്യത്തിന് ആ യോഗത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ആരുടെയും പിന്തുണ കിട്ടില്ലെന്ന് ഉറപ്പായിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. യോഗത്തില്‍ തീര്‍ത്തും ഒറ്റപ്പെടും. അമ്മ എന്ന സംഘടനയില്‍ എല്ലാവര്ക്കും എല്ലാവരെയും ഭയമാണെന്നും ജോയ് മാത്യു പറഞ്ഞു. മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഇതിനോട് പ്രതികരിക്കുകയായിരുന്നു നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സംഘടനയില്‍ ഒറ്റപ്പെടുമെന്ന ഭീതിയില്‍ യോഗത്തില്‍ പ്രതികരിക്കാതിരിക്കുന്ന ഒരാള്‍ പുറത്തിറങ്ങി പ്രതികരിച്ചാല്‍ ഒറ്റപ്പെടില്ലേ എന്ന് അവര്‍ ചോദിക്കുന്നു. നടിമാരുടെ സംഘടനയുണ്ടായെങ്കിലും, നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ സലിം കുമാറോ സജി നന്ത്യാട്ടോ പോലുള്ളവര്‍ നടത്തിയ മോശം പരാമര്‍ശത്തെ ചോദ്യം ചെയ്യാന്‍ ആ സംഘടനയിലെ സ്ത്രീകള്‍ ആരും തയ്യാറായില്ല.. റിമ കല്ലിങ്ങലിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു മീഡീയവണ്‍ ചര്‍ച്ചയ്ക്കിടെ ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.