LiveTV

Live

Kerala

ശംസുദ്ദീന്‍ പാലത്തിന്‍റെ അറസ്റ്റ് ഇരട്ടനീതിയെന്ന് ലീഗ്

ശംസുദ്ദീന്‍ പാലത്തിന്‍റെ അറസ്റ്റ് ഇരട്ടനീതിയെന്ന് ലീഗ്
Summary
ശശികല ടീച്ചര്‍ അന്യമത വിദ്വേഷം പ്രസംഗിച്ച് നടക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

വിവാദ സലഫി പ്രാസംഗികന്‍ ശംസുദ്ദീന്‍ പാലത്തിന്‍റെ അറസ്റ്റ് ഇരട്ട നീതിയാണെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ശശികല ടീച്ചര്‍ അന്യമത വിദ്വേഷം പ്രസംഗിച്ച് നടക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. മുസ്‍ലിം വിവേചനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കുറ്റപ്പെടുത്തി പോപ്പുലര്‍ ഫ്രണ്ടും രംഗത്ത് എത്തിയിട്ടുണ്ട്.

ഉംറ നിര്‍വ്വഹിക്കാനായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി പോകാനൊരുങ്ങവെയാണ് ശംസുദ്ദീന്‍ പാലത്തിനെ അറസ്റ്റ് ചെയ്തത്. പിന്നീട് 14 ദിവസത്തേക്ക് റിമാന്‍റും ചെയ്തു. ഇടത് സര്‍ക്കാരിന്‍റെ ഈ നീക്കം ഇരട്ട നീതിയാണെന്ന് കുറ്റപ്പെടുത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഫേസ് ബുക്കില്‍ എഴുതി. ശംസുദ്ദീന്‍ പാലത്തിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത പൊലീസ് അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന ശശികല ടീച്ചര്‍ക്ക് എതിരെ നിസാര വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. ഇതിന് പിന്നാലെ നടന്ന അറസ്റ്റ് നിയമത്തിന്‍റെ പേരിലെ നഗ്നമായ വിവേചനമാണെന്നും ഇ ടി ചൂണ്ടികാട്ടി. ജാതിയോ മതമോ നോക്കാതെ നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണന്ന് ഉറപ്പ് നൽകുന്ന ഭരണഘടനയുള്ള നാട്ടിലാണ് കേരള സർക്കാറിന്‍റെ ഇരട്ടനീതി നമ്മൾ കാണുന്നതെന്ന വിമര്‍ശവും മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി ഉയര്‍ത്തി.

ശംസുദ്ദീന്‍ പാലത്തിനെ ധൃതി പിടിച്ച് അറസ്റ്റ് ചെയ്ത് കൊടും ഭീകരനപ്പോലെ കൈകാര്യം ചെയ്യുകയായിരുന്നുവെന്നാണ് പോപ്പുലര്‍ഫ്രണ്ടിന്‍റെ വിമര്‍ശം. മുസ്‍ലിം സംരക്ഷണം നിരന്തരം പറയുന്ന സിപിഎം ഭരിക്കുമ്പോള്‍ നടക്കുന്നത് പ്രകടമായ വിവേചനമാണ്. ശശികല ടീച്ചര്‍, പ്രവീണ്‍ തെഗാഡിയ എന്നിവര്‍ക്ക് എതിരെ നടപടിയെടുക്കാത്ത പോലീസ് നിലപാടും പോപ്പുലര്‍ഫ്രണ്ടും ചോദ്യം ചെയ്യുന്നു. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാണ് ലീഗും പോപ്പുലര്‍ ഫ്രണ്ടും അടക്കമുള്ള സംഘടനകള്‍ മുന്നോട്ട് വെക്കുന്ന നിലപാട്