LiveTV

Live

Kerala

വിവാദങ്ങളൊഴിഞ്ഞ നേരമില്ലാതെ കൊച്ചി മെട്രോ

വിവാദങ്ങളൊഴിഞ്ഞ നേരമില്ലാതെ കൊച്ചി മെട്രോ
Summary
പ്രധാനമന്ത്രിയുടെ വരവും ഇ ശ്രീധരനെയും ജനപ്രതിനിധികളെയും ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിഎംഒ ഒഴിവാക്കിയതും ഏറ്റവുമൊടുവിലെ വിവാദങ്ങള്‍

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ പലതവണയുണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മെട്രോ ഉദ്ഘാടനമാണ് ആദ്യം വിവാദമായത്. പ്രധാനമന്ത്രിയുടെ വരവും ഇ ശ്രീധരനെയും ജനപ്രതിനിധികളെയും ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിഎംഒ ഒഴിവാക്കിയതുമാണ് ഏറ്റവുമൊടുവിലെ വിവാദങ്ങളുടെ ആധാരം.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെട്രോയുടെ ആദ്യ ട്രെയിനിന്‍റെ പരീക്ഷണയാത്ര ഉദ്ഘാടനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ചുള്ള ഉദ്ഘാടനമെന്ന വിമര്‍ശം എല്‍ഡിഎഫ് ഉയര്‍ത്തി. ഇരുപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞു.

പിന്നെയും ഒരുവര്‍ഷം പിന്നിട്ടെങ്കിലും മെട്രോ സര്‍വീസ് യാഥാര്‍ഥ്യമായിരുന്നില്ല. ഒടുവില്‍ മെട്രോയുടെ ആദ്യഘട്ടത്തിലെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗം ഉദ്ഘാടനത്തിന് സജ്ജമായി. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് സര്‍ക്കാര്‍ കത്തയച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ സൌകര്യത്തിനായി കാത്തിരിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതായുള്ള വാര്‍ത്തകളെ ചുറ്റിപ്പറ്റി വിവാദമുടലെടുത്തു. പ്രധാനമന്ത്രി എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രി മെട്രോ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന പ്രസ്താവനയെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ സജീവമായി. ഒടുവില്‍ 17-ന് ഉദ്ഘാടനത്തീയതിയി നിശ്ചയിച്ചു. എന്നാല്‍‌ ഉദ്ഘാടന വേദിയില്‍ മെട്രോമാന്‍ ഇ ശ്രീധരനും ജനപ്രതിനിധികള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടം നിഷേധിച്ചതോടെ വീണ്ടും വിവാദം. ഇത്തവണ പ്രതിക്കൂട്ടിലായത് പ്രധാനമന്ത്രിയുടെ ഓഫീസ്.