LiveTV

Live

Kerala

എന്തിന് അയിത്തം ? അംബേദ്കര്‍ കോളനിക്കാര്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റെത്തി

എന്തിന്  അയിത്തം  ? അംബേദ്കര്‍ കോളനിക്കാര്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റെത്തി
Summary
മേല്‍ജാതിക്കാര്‍ അയിത്തം കല്‍പ്പിച്ച അംബേദ്കര്‍ കോളനിയിലേക്ക് ഇന്ന് ഒരു അതിഥിയെത്തി.

മേല്‍ജാതിക്കാര്‍ അയിത്തം കല്‍പ്പിച്ച അംബേദ്കര്‍ കോളനിയിലേക്ക് ഇന്ന് ഒരു അതിഥിയെത്തി. താരജാഡകളൊന്നുമില്ലാതെ പച്ചമനുഷ്യനായി. സന്തോഷ് പണ്ഡിറ്റായിരുന്നു ആ താരം. അരക്ഷിതരായ ഒരു സമൂഹത്തിന് തന്നാലാകുംവിധം കൈത്താങ്ങാകാനാണ് അയാള്‍ വന്നത്. കോളനിക്കാരുടെ അവസ്ഥ നേരിട്ട് കണ്ട് പഠിച്ച് സഹായം ചെയ്യുമെന്ന് പ്രഖ്യാപിക്കാനായിരുന്നില്ല ആ സന്ദര്‍ശനം.

എന്തിന്  അയിത്തം  ? അംബേദ്കര്‍ കോളനിക്കാര്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റെത്തി

മീഡിയവണ്‍ ജനങ്ങളെ അറിയിച്ച വാര്‍ത്ത കണ്ട് ബോധ്യപ്പെട്ടായിരുന്നു സന്തോഷ് പണ്ഡിറ്റ് കൈനിറയെ സമ്മാനങ്ങളുമായി അംബേദ്കര്‍ കോളനിയിലേക്ക് എത്തിയത്. ഇന്നത്തെ കാലത്ത് അയിത്തം പോലുള്ള അനാചാരം നിലനില്‍ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് സന്തോഷ് പറഞ്ഞു. ഇവിടുത്തെ ജനങ്ങള്‍ വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. ചോർച്ചയുള്ള വീടുകളിലാണ് ഇവര്‍ ജീവിക്കുന്നത്. എനിക്കു കൂടുതലായ് ഒന്നും ചെയ്യുവാൻ പറ്റിയില്ല. കുറച്ചു ദിവസത്തേക്കുള്ള ആഹാര സാധനങ്ങളും സ്കൂള്‍ കുട്ടികള്‍ക്കുള്ള ബുക്കും കുറച്ച് ഫീസും മറ്റു സഹായവും നല്‍കുവാന്‍ കഴിഞ്ഞു. ഇനി അവിടുത്തെ കുട്ടികളെ പഠിപ്പിക്കാന്‍ താല്‍പര്യമുള്ള സ്‍പോണ്‍സര്‍മാരെ കിട്ടുമോയെന്ന് നോക്കാമെന്ന് താന്‍ വാക്കുകൊടുത്തിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു. ഇരുട്ടിനെ പേടിച്ച് പിന്‍മാറുകയല്ല, ഒരു മെഴുകിതിരിയെങ്കിലും കത്തിച്ച് കുറച്ചെങ്കിലും ഇരുട്ടിനെ അകറ്റുകയാണ് ചെയ്യേണ്ടതെന്നും സന്തോഷ് പറഞ്ഞു. ഏതായാലും പേരിനുള്ള സന്ദര്‍ശനമല്ല സന്തോഷിന്റേത്. ഏതാനും ആഴ്ചകള്‍ക്ക് ശേഷം കൂടുതല്‍ സഹായങ്ങളുമായി ഇവിടേക്ക് എത്താന്‍ പദ്ധതിയുണ്ടെന്ന് സന്തോഷ് പറഞ്ഞു. മഴയത്ത് ചോരുന്ന വീടുകളിലാണ് ഇവിടുത്തുകാര്‍ കഴിയുന്നത്. തനിക്ക് പുതിയ വീട് നിര്‍മിച്ചുകൊടുക്കാന്‍ മാത്രം സാമ്പത്തിക ശേഷിയില്ല. എന്നാല്‍ തന്നാലാവുംവിധം സഹായം ചെയ്തുകൊടുക്കുമെന്നും സന്തോഷ് പറഞ്ഞു.