LiveTV

Live

Kerala

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് അലങ്കാര മത്സ്യവിപണിയെ പ്രതിസന്ധിയിലാക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് അലങ്കാര മത്സ്യവിപണിയെ പ്രതിസന്ധിയിലാക്കുന്നു
Summary
അലങ്കാര മത്സ്യങ്ങുടെ വളര്‍ത്തല്‍, വിപണനം , പ്രദര്‍ശനം എന്നിവയ്ക്ക് നിയന്ത്രണമേര്‍പെടുത്തിക്കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയിരുന്നു

അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണമേര്‍പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് അലങ്കാര മത്സ്യവിപണിയെ പ്രതിസന്ധിയിലാക്കുന്നു. ഉത്തരവ് വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന‌ാണ് ചെറുകിട വ്യാപാരികളുടെ ആശങ്ക. അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തല്‍, വിപണനം , പ്രദര്‍ശനം എന്നിവയ്ക്ക് നിയന്ത്രണമേര്‍പെടുത്തിക്കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

മീനുകളുടെ രണ്ടാം പട്ടികയില്‍ പെടുന്ന 158 മത്സ്യങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന ക്രൗണ്‍ ഫിഷ്, ബട്ടര്‍ഫ്‌ളൈ ഫിഷ്, എയ്ഞ്ചല്‍ ഫിഷ്, പാരറ്റ് ഫിഷ്, ബാറ്റ് ഫിഷ് തുടങ്ങിയവ പട്ടികയിലുണ്ട്. വിഞ്ജാപനം നടപ്പിലാക്കിയാല്‍ അലങ്കാര മത്സ്യസ്റ്റാളുകളും അക്വേറിയ വില്‍പന കേന്ദ്രങ്ങളും വ്യാപകമായി അടച്ച് പൂട്ടുന്ന സ്ഥിതിയുണ്ടാകുമെന്നാണ് ആശങ്ക. അക്വേറിയങ്ങള്‍ സ്ഥാപിക്കുന്ന ഇടങ്ങളില്‍ ഒരു മുഴുവന്‍ സമയ വെറ്ററിനറി ഡോക്ടറും സഹായിയും ഉണ്ടാകണമെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇത് ചെറുകിട വ്യാപാരികളെയും സ്വയം തൊഴില്‍ സംരംഭകരെയും പ്രതികൂലമായി ബാധിക്കും. വീടുകളിലെ അക്വേറിയങ്ങളെ സംബന്ധിച്ച് ഉത്തരവില്‍ വ്യക്തമായ പരാമര്‍ശമില്ല. ഇതും ആശങ്ക വര്‍ധിപ്പികുന്നു. സിഎംഎഫ്ആര്‍ഐ അടക്കമുള്ള മത്സ്യ ഗവേഷണ സ്ഥാപനങ്ങളോട് പോലും ഇക്കാര്യത്തിലുള്ള അഭിപ്രായം തേടാതെയാണ് മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയതെന്നും ആരോപണമുണ്ട്. അലങ്കാരമത്സ്യവളര്‍ത്തുകേന്ദ്രങ്ങള്‍, അവയുടെ തീറ്റവിപണന കേന്ദ്രങ്ങള്‍, തുടങ്ങിയവ ഉള്‍പെടുന്ന വിപുലമായ മേഖലയെ ഉത്തരവ് പ്രതികൂലമായി ബാധിക്കും.