LiveTV

Live

Kerala

ഫസല്‍ വധക്കേസ് നാള്‍വഴിയിലൂടെ

ഫസല്‍ വധക്കേസ് നാള്‍വഴിയിലൂടെ
Summary
കാരായിമാര്‍ പ്രതികളായി എന്നതാണ് കേസിന്‍റെ രാഷ്ട്രീയ പ്രാധാന്യമെങ്കില്‍ 10 വര്‍ഷത്തിന് ശേഷവും തുടരുന്ന നിയമ പോരാട്ടവും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ശേഷനുള്ള നിര്‍ണായകമായ മൊഴിയുമാണ് കേസിനെ ചര്‍ച്ചകളില്‍ സജീവമാക്കുന്നത്

രാഷ്ട്രീയമായും നിയമപരമായും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവമാണ് തലശേരി ഫസല്‍ വധക്കേസ്. സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതികളായി എന്നതാണ് കേസിന്‍റെ രാഷ്ട്രീയ പ്രാധാന്യമെങ്കില്‍ 10 വര്‍ഷത്തിന് ശേഷവും തുടരുന്ന നിയമ പോരാട്ടവും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ശേഷം നടന്ന നിര്‍ണായകമായ മൊഴിയുമാണ് ഈ കേസിനെ ചര്‍ച്ചകളില്‍ സജീവമാക്കുന്നത്. ഫസല്‍ വധക്കേസിന്‍റെ നാള്‍വഴികളിലൂടെ..

2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് എന്‍ഡിഎഫ് തലശേരി സബ്ബ് ഡിവിഷന്‍ കമ്മറ്റി അംഗം മുഹമ്മദ് ഫസല്‍ തലശേരി ജഗന്നാഥ ക്ഷേത്രം റോഡില്‍ കൊല ചെയ്യപ്പെട്ടത്. അന്ന് തലശേരി സിഐ ആയിരുന്ന പി സുകുമാരന്‍റെ നേതൃത്വത്തിലുളള ലോക്കല്‍ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. സിപിഎം പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു പോലീസിന്‍റെ പ്രാഥമിക നിഗമനം. നവംബര്‍ 8ന് കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എസ്പി ടി കെ രാജ്മോഹന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി പി സാലിയാണ് കേസ് തുടര്‍ന്ന് അന്വേഷിച്ചത്.

2007 ഏപ്രില്‍ ‍11 കൊടി സുനി അടക്കം മൂന്ന് സിപിഎം പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എന്നാല്‍ കേസില്‍ യഥാര്‍ത്ഥ പ്രതികളല്ല അറസ്റ്റിലായതെന്ന് ആരോപിച്ച് ഫസലിന്‍റെ ഭാര്യ സി എച്ച് മറിയുമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 2008 ഫെബ്രുവരി 14ന് കേസിന്‍റെ അന്വേഷണം കോടതി സിബിഐക്ക് വിട്ടു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയ നിഗമനങ്ങള്‍ ശരിവെക്കുന്നതായിരുന്നു സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട്.

ലോക്കല്‍ പൊലീസ് കണ്ടെത്തിയ മൂന്ന് പ്രതികളെ കൂടാതെ സിപിഎം തലശേരി ഏരിയാ സെക്രട്ടറി കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവരടക്കം എട്ട് പേരെ പ്രതികളാക്കി 2012 ജൂണ്‍ 12ന് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ജൂണ്‍ ‍22ന് കാരായിമാര്‍ എറണാകുളം സിബിഐ കോടതിയില്‍ കീഴടങ്ങി.

എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം സിപിഎം പ്രവര്‍ത്തകനായ പടുവിലായി മോഹനനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എബ്രാന്‍റെവിടെ സുബീഷ് പോലീസിനോട് നടത്തിയ വെളിപ്പെടുത്തലുകളാണ് ഫസല്‍ വധക്കേസിന്‍റെ ഗതിമാറ്റിയത്.