LiveTV

Live

Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പാളിച്ചയെന്ന് മുഖ്യമന്ത്രി

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പാളിച്ചയെന്ന് മുഖ്യമന്ത്രി
Summary
നടപടിയെടുക്കേണ്ടവര്‍ നടപടിയെടുക്കുന്നില്ലെന്നും നമ്മുടെ കൂട്ടത്തില്‍ ചിലര്‍ കാര്യങ്ങള്‍ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്തു കളയുന്നുണ്ടെന്നും മുഖ്യമന്ത്രി..

മാലിന്യ സംസ്കരണമെന്ന പ്രാഥമിക ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മറന്നതു കൊണ്ടാണ് കേരളം പകര്‍ച്ചവ്യാധികളുടെ പിടിയിലമര്‍ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .നടപടിയെടുക്കേണ്ടവര്‍ നടപടിയെടുക്കുന്നില്ലെന്നും നമ്മുടെ കൂട്ടത്തില്‍ ചിലര്‍ കാര്യങ്ങള്‍ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്തു കളയുന്നുണ്ടെന്നും മുഖ്യമന്ത്രി. ആലപ്പുഴയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ അദ്ധ്യക്ഷനായ കുടുംബശ്രീ വാര്‍ഷിക സമാപന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം.

ഒരുപാട് ഉത്തരവാദിത്വങ്ങള്‍ കയ്യിലേക്ക് വന്നപ്പോള്‍ ശുചിത്വം ഉറപ്പാക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്ന് വലിയ തോതിലുള്ള കുറവുണ്ടായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറവുകള്‍ കണ്ടെത്തി അത് പരിഹരിക്കാനുള്ള ഉദ്ദേശത്തോടെ ശുചിത്വകേരളം മിഷന് രൂപം കൊടുത്തു. മിഷന്റെ ഭാഗമായുള്ള വിശദീകരണങ്ങള്‍ക്കോ മറ്റ് നടപടികള്‍ക്കോ ഒരു കുറവുമില്ല. പക്ഷേ മാലിന്യം കുറഞ്‍ഞില്ല.

പ്രദേശം വൃത്തിയായി സൂക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാവാത്ത സ്ഥലങ്ങളിലാണ് പനി വ്യാപിച്ചത്. ഒരു പ്രധാനിയോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ലഭിച്ച മറുപടിയില്‍ നിന്ന് മനസ്സിലാക്കാന്‍ പറ്റിയ കാര്യം വെച്ചാണ് താന്‍ ഇത് പറയുന്നത്.

പട്ടണങ്ങളില്‍ മാലിന്യങ്ങള്‍ പൊതു സ്ഥലത്ത് നിക്ഷേപിക്കുന്ന ഹോട്ടലുകള്‍ക്കെതിലെ നടപടിയില്ല. നടപടിയെടുക്കേണ്ടവരെ എന്തുകൊണ്ട് കാണുന്നില്ല എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ വേദിയിലിരിക്കെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം.